മഞ്ചേരി(മലപ്പുറം): തൃക്കലങ്ങോട് മരത്താണിയില്‍ ബൈക്ക് മറിഞ്ഞ് വ്‌ലോഗര്‍ മരിച്ചു. വഴിക്കടവ് ആലപ്പൊയില്‍ ചോയത്തല വീട്ടില്‍ ഹംസയുടെയും സൈറാബാനുവിന്റെയും മകന്‍ ജുനൈദ് (32) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് 6.20-നാണ് അപകടം. മരത്താണി വളവില്‍ റോഡരികിലെ മണ്‍കൂനയില്‍ തട്ടി ബൈക്ക് മറിഞ്ഞാണ് അപകടമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
മഞ്ചേരി ഭാഗത്തുനിന്ന് വഴിക്കടവിലേക്ക് പോകുമ്പോഴായിരുന്നു അപകടം. അതുവഴി വന്ന കാറുകാരാണ് റോഡരികില്‍ രക്തംവാര്‍ന്നു കിടക്കുന്ന ജുനൈദിനെ കണ്ടത്. തലയുടെ പിന്‍ഭാഗത്താണ് പരിക്കേറ്റത്. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിച്ചു. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ശനിയാഴ്ച പൂവ്വത്തിപ്പൊയില്‍ വലിയ ജുമാമസ്ജിദില്‍ കബറടക്കും. മകന്‍: മുഹമ്മദ് റെജല്‍.
സാമൂഹികമാധ്യമം വഴി പരിചയപ്പെട്ട യുവതിയെ പ്രണയംനടിച്ച് വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ മാര്‍ച്ച് ഒന്നിനു ജുനൈദിനെ മലപ്പുറം പോലീസ് ബെംഗളൂരു വിമാനത്താവള പരിസരത്തുനിന്ന് അറസ്റ്റുചെയ്തിരുന്നു. ഒരാഴ്ച മുന്‍പാണ് ജാമ്യം ലഭിച്ചത്.
