സെക്രട്ടറിയേറ്റ് വളഞ്ഞ് ആശമാര്‍; സമരവേദിയില്‍ പിന്തുണയുമായി വി ഡി സതീശനും രമേശ് ചെന്നിത്തലയും കെ സുരേന്ദ്രനും

ആശവര്‍ക്കേഴ്‌സിന്റെ സമരവേദിയില്‍ പിന്തുണയുമായി എത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ എന്നിവര്‍. കെ കെ രമ ഉള്‍പ്പടെയുള്ളവരും സമരവേദിയിലെത്തി.വിഷയത്തില്‍ മുഖ്യമന്ത്രിയാണ് മുന്‍കൈയെടുക്കേണ്ടതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. സമരം ചെയ്തല്ല നേടിയെടുക്കേണ്ടത് എന്നാണ് കേരളത്തിലെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞത്. ഇവര്‍ കമ്യൂണിസ്റ്റല്ല ഇപ്പോള്‍. തീവ്രവലതുപക്ഷ ലൈനാണ്. കാര്യങ്ങള്‍ നേടിയെടുക്കേണ്ടത് സമരത്തിലൂടെയല്ല എന്ന മുഖ്യമന്ത്രിയുടെ വാക്കുകള്‍ മുതലാളിത്തത്തിന്റെ ഭാഷയാണ്. ഈ സമരം വിജയിക്കാന്‍ പാടില്ല എന്നൊരു വാശിയാണ്. സമരം ചെയ്യുന്ന സ്ത്രീകളോടാണോ സര്‍ക്കാരിന്റെ യുദ്ധ പ്രഖ്യാപനം – പ്രതിപക്ഷ നേതാവ് ചോദിച്ചു.

ആരോഗ്യ മന്ത്രി മാത്രം വിചാരിച്ചാല്‍ പ്രശ്‌നം തീരില്ലെന്നും സമരത്തോടുള്ള അവഗണന അവസാനിപ്പിച്ചില്ലങ്കില്‍ സമരം രൂക്ഷമാകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ചര്‍ച്ചയ്ക്ക് വിളിക്കാനുള്ള സാമാന്യ മര്യാദ പോലും മുഖ്യമന്ത്രിയ്ക്കില്ല. ആശമാരുടെ വിഷയം ഇന്നും സഭയിലുന്നയിക്കും – ചെന്നിത്തല വ്യക്തമാക്കി.

സമരം ചെയ്യുന്നവരെ സര്‍ക്കാര്‍ അടിച്ചമര്‍ത്തുന്നുവെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു.

ആശാവര്‍ക്കര്‍മാരെ സ്ഥിരം തൊഴിലാളിയായി സംസ്ഥാനത്തിന് പ്രഖ്യാപിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു. നിയമസഭയിലെ ചോദ്യത്തിനാണ് ആരോഗ്യമന്ത്രിയുടെ രേഖാമൂലമുള്ള മറുപടി. ആശാ പദ്ധതി കേന്ദ്രാവിഷ്‌കൃത പദ്ധതിയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തരുതെന്ന് കേന്ദ്രം നിര്‍ദ്ദേശിച്ചിട്ടുണ്ട്. സ്ഥിരം തൊഴിലാളിയായി നിയമിക്കുന്ന കാര്യം തീരുമാനിക്കേണ്ടത് കേന്ദ്രമെന്നും വീണാ ജോര്‍ജ് പറഞ്ഞു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp