ബൈ ബൈ സ്‌പേസ്; സുനിതയും ടീമും ഭൂമിയിലേക്ക് തിരിച്ചു, അണ്‍ഡോക്കിംഗ് വിജയകരം

ന്യൂയോര്‍ക്ക്: ബഹിരാകാശ യാത്രികരായ സുനിത വില്ല്യംസും ബുച്ച് വില്‍മോറും ഭൂമിയിലേക്കുള്ള യാത്ര ആരംഭിച്ചു. സ്‌പേസ് എക്‌സ് ക്രൂ 9 10.35 നാണ് അണ്‍ഡോകിംഗ് വിജയകരമായി പൂര്‍ത്തീകരിച്ച് യാത്ര ആരംഭിച്ചത്. 17 മണിക്കൂറെടുത്ത യാത്രക്ക് ശേഷമായിരിക്കും സംഘം ഭൂമിയിൽ തിരിച്ചെത്തുക. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് മടങ്ങിയെത്തുന്നതിനായി ബഹിരാകാശ പേടകത്തിന്റെ എഞ്ചിനെ ജ്വലിപ്പിക്കുന്ന ഡീ ഓര്‍ബിറ്റ് ബേണ്‍ പൂര്‍ത്തിയായതോടെയാണ് പേടകം ഭൂമിയിലേക്കുള്ള യാത്ര തുടങ്ങിയത്.

‘ബഹിരാകാശ നിലയത്തില്‍ നമ്മുടെ പ്രതിജ്ഞകള്‍ നിറവേറ്റാന്‍ കഴിഞ്ഞത് ജീവിതത്തിലെ ഒരു ബഹുമതിയാണ്’ എന്നായിരുന്നു ക്രൂ 10 ക്രൂ 9നോടായി പറഞ്ഞതെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. അറ്റ്‌ലാന്റിക് സമുദ്രത്തിലോ മെക്‌സോക്കോ ഉള്‍ക്കടലിലോ ആയിരിക്കും പേടകം പതിക്കുക. സുനിതയ്ക്കും ബുച്ചിനും പുറമേ നിക് ഹേഗ്, അലക്‌സാണ്ടര്‍ ഗോര്‍ബുനോവ് എന്നിവരും മടക്കയാത്രയില്‍ ഒപ്പമുണ്ട്. ഡ്രാഗണ്‍ പേകടത്തിന്റെ തിരിച്ചുവരവിന് അനുയോജ്യമായ കാലാവസ്ഥയാണെന്നും പേടകം വീണ്ടെടുക്കാൻ പൂർണ്ണ സജ്ജമാണെന്നും നാസ അറിയിച്ചു.ജൂണ്‍ അഞ്ചിനാണ് ബോയിങ് സ്റ്റാര്‍ലൈനര്‍ ബഹിരാകാശ നിലയത്തിലേക്ക് സുനിതയും ബുച്ചും യാത്ര തിരിച്ചത്. ജൂണ്‍ പകുതിയോടെ തിരികെയെത്താനായിരുന്നു പദ്ധതി. എന്നാല്‍ ത്രസ്റ്ററുകളുടെ തകരാറുകള്‍ കാരണം മടക്കയാത്ര അനിശ്ചിതത്വത്തിലാകുകയായിരുന്നു. ജൂണ്‍ 14-ന് മടങ്ങേണ്ട പേടകത്തിന്റെ യാത്ര പിന്നീട് പലതവണ മാറ്റിവച്ചു. സാങ്കേതിക തകരാറുകള്‍ പഠിക്കാന്‍ നാസയ്ക്ക് കൂടുതല്‍ സമയം ആവശ്യമായി വന്നതാണ് മടക്കയാത്ര വൈകാന്‍ കാരണം.

ബോയിങ് സ്റ്റാര്‍ലൈനര്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് അരികിലെത്തിയപ്പോള്‍ പേടകത്തില്‍നിന്ന് ഹീലിയം വാതകച്ചോര്‍ച്ചയുണ്ടായി. ചില യന്ത്രഭാഗങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാതിരുന്നത് ദൗത്യം ദുഷ്‌കരമാക്കിയിരുന്നു. യാത്രികരുടെ സുരക്ഷ പരിഗണിച്ചായിരുന്നു മടക്കയാത്ര നീട്ടിവച്ചത്. ഇതിന് പിന്നാലെയാണ് ഇലോണ് മസ്‌കിന്റെ സ്‌പേസ് എക്‌സിന്റെ ക്രൂ-9 മിഷന്റെ ഡ്രാഗണ് സ്‌പേസ് ക്രാഫ്റ്റില്‍ സുനിതയേയും വില്‌മോറിനേയും തിരികെയെത്തിക്കാന്‍ തീരുമാനിച്ചത്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp