മോസ്കോ : ആര്‍ട്ടിക് സമുദ്രത്തില്‍ സൈനികാഭ്യാസവുമായി റഷ്യ.
ഇന്നലെ റഷ്യയുടെ ആണവ അന്തര്‍വാഹിനികളില്‍ നിന്ന് ക്രൂസ് മിസൈലുകളുടെ വിക്ഷേപണം നടന്നതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിക്കുകയായിരുന്നു .രാജ്യത്തിന്റെ വടക്ക് സ്ഥിതി ചെയ്യുന്ന തണുത്തുറഞ്ഞ ആര്‍ട്ടിക് സമുദ്ര മേഖലയില്‍ നേരിട്ടേക്കാവുന്ന വെല്ലുവിളികളെ അതിജീവിക്കാനുള്ള തങ്ങളുടെ ക്ഷമത പരീക്ഷിക്കുന്നതിനാണ് സൈനികാഭ്യാസമെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കുന്നു.
കിഴക്കന്‍ ആര്‍ട്ടികില്‍ റഷ്യയുടെ സൈബീരിയയേയും യു.എസിന്റെ അലാസ്കയേയും തമ്മില്‍ വേര്‍തിരിക്കുന്ന ചുക്‌ചി കടലിലാണ് ‘ അംക – 2022 ” എന്ന സൈനികാഭ്യാസം റഷ്യ നടത്തിയത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ആര്‍ട്ടിക് മേഖലയില്‍ റഷ്യയുടെ സൈനിക സ്വാധീനം വര്‍ദ്ധിച്ചുവരികയാണ്. യു.എസും പാശ്ചാത്യ രാജ്യങ്ങളും ഇതിനെ സൂഷ്മമായി നിരീക്ഷിക്കുന്നുണ്ട്.ഇന്നലെ ചുക്‌ചി കടലില്‍
റഷ്യയുടെ ആണവ അന്തര്‍വാഹിനികളായ ഓംസ്ക്, നൊവൊസിബിര്‍സ്ക് എന്നിവയില്‍ നിന്ന് വിക്ഷേപിച്ച കപ്പല്‍വേധ ക്രൂസ് മിസൈലുകള്‍ 400 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യസ്ഥാനത്ത് പതിച്ചു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും റഷ്യ പുറത്തുവിട്ടിരുന്നു .
റഷ്യയുടെ ഏറ്റവും കിഴക്കുള്ള ഭൂപ്രദേശമായ ചുക്‌ചി ഉപദ്വീപില്‍ നിന്ന് ബാസ്റ്റിയന്‍ കോസ്റ്റല്‍ മിസൈല്‍ സിസ്റ്റത്തിന്റെ പരീക്ഷണവും നടത്തി. കടലില്‍ 300 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യസ്ഥാനത്തേക്ക് ബാസ്റ്റിയനില്‍ നിന്നുള്ള മിസൈലുകള്‍ പതിച്ചു.യുക്രെയിനില്‍ അധിനിവേശം തുടരുന്നതിനിടെ നേരത്തെയും റഷ്യ സൈനികാഭ്യാസങ്ങള്‍ നടത്തിയിരുന്നു. അടുത്തിടെ ഇന്ത്യയും ചൈനയും ഉള്‍പ്പെടെ പങ്കെടുത്ത വൊസ്റ്റോക് സൈനികാഭ്യാസം റഷ്യയുടെ വിദൂര കിഴക്കന്‍ പ്രദേശങ്ങളില്‍ നടന്നിരുന്നു.