എറണാകുളം: തൃപ്പൂണിത്തുറയില്‍ അധ്യാപകന്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ സംഭവത്തില്‍ 3 പേര്‍ കൂടി പോലീസ് പിടിയില്‍. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശിവകല, അധ്യാപകരായ ഷൈലജ, ജോസഫ് എന്നിവരാണ് പിടിയിലായത്. പീഡന വിവരം മറച്ചുവച്ചതിനാണ് 3 പേര്‍ക്കെതിരെയും നടപടി. വിദ്യാര്‍ത്ഥിനിയോട് മോശമായി പെരുമാറിയ അധ്യാപകനായ കിരണ്‍ നേരത്തെ പിടിയിലായിരുന്നു. വിവരം വിദ്യാര്‍ത്ഥിനി കൂട്ടുകാരോടെ പറഞ്ഞതോടെയാണ് പുറംലോകം അറിയുന്നത്. തുടര്‍ന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. കലോത്സവത്തില്‍ പങ്കെടുക്കാന്‍ തന്റെ വാഹനത്തില്‍ കൊണ്ടുപോയ വിദ്യാര്‍ത്ഥിനിയെ അധ്യാപകന്‍ ലൈംഗികച്ചുവയോടെ സമീപിക്കുകയായിരുന്നു.
കഴിഞ്ഞ ബുധനാഴ്ചയായിരുന്നു പരാതിക്കാസ്പദമായ സംഭവം നടന്നത്. പൊന്നുരുന്നിയില്‍ കലോത്സവത്തിന് പങ്കെടുക്കാനാണ് വിദ്യാര്‍ത്ഥിനി അധ്യാപകനൊപ്പം ഇരുചക്ര വാഹനത്തില്‍ പോയത്. പരിപാടിക്ക് ശേഷം മടങ്ങി വരുന്നതിനിടയിലാണ് കിരണിന്റെ ഭാഗത്ത് നിന്നും മോശം പെരുമാറ്റമുണ്ടായത്. കുട്ടിയോട് ലൈംഗികച്ചുവയോടെ സംസാരിക്കുകയും സ്വകാര്യ ഭാഗത്ത് സ്പര്‍ശിക്കുകയും ചെയ്യുകയായിരുന്നു. ഇക്കാര്യങ്ങള്‍ പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്നായിരുന്നു ഭീഷണി. എന്നാല്‍ പെണ്‍കുട്ടി സഹപാഠികളോട് തനിക്കുണ്ടായ ദുരനുഭവം പങ്കുവയ്ക്കുകയായിരുന്നു. സ്‌കൂള്‍ അധികൃതരും വിവരം അറിഞ്ഞെങ്കിലും ഇക്കാര്യങ്ങള്‍ മൂടിവയ്ക്കുകയായിരുന്നു.
സംഭവം പുറത്തറിയുകയും പ്രതിഷേധം ശക്തമാവുകയും ചെയ്തതോടെ അധ്യാപകനായ കിരണ്‍ നാടുവിട്ടു. നാഗര്‍കോവിലിലെ ബന്ധുവീട്ടില്‍ നിന്നുമാണ് ഇയാള്‍ പിടിയിലാകുന്നത്. പ്രതിയെ രക്ഷപെടാന്‍ സഹായിച്ച രണ്ട് പേരയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കിരണ്‍ മുന്‍പും സമാനമായ രീതിയില്‍ സ്ത്രീകളോട് മോശമായി പെരുമാറിയിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. അധ്യാപകന്റെ മോശം പെരുമാറ്റം അറിഞ്ഞിട്ടും മറച്ചുവയ്ക്കാന്‍ കൂട്ടുനിന്ന മറ്റ് അധ്യാപകര്‍ക്കെതിരെയും പ്രതിഷേധം ശക്തമാവുകയാണ്.