വൈക്കം: സ്ഥാനക്കയറ്റം റദ്ദ് ചെയ്തുതരണമെന്നും ജോലിഭാരം താങ്ങാൻ കഴിയുന്നില്ലെന്നുമുള്ള അപേക്ഷ വിദ്യാഭ്യാസമന്ത്രി തള്ളിയതോടെ പ്രധാനാധ്യാപിക ജീവനൊടുക്കി. വൈക്കം പോളശേരി ഗവൺമെൻറ് എൽപി സ്‌കൂളിലെ പ്രധാനാധ്യാപിക കെ ശ്രീജ (48)യാണ് വീടിനുള്ളിൽ കഴിഞ്ഞ ദിവസം തൂങ്ങി മരിച്ചത്.
ജോലിഭാരം മൂലമുണ്ടായ മാനസിക സമ്മർദ്ദമാണ് ശ്രീജയെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്ന് ബന്ധുക്കൾ പോലീസിനോട് പറഞ്ഞു. വൈക്കം മുൻസിഫ് കോടതി ജീവനക്കാരനായ രമേശ് കുമാർ ആണ് ഭർത്താവ്. വൈക്കം പോലീസ് ശ്രീജയുടെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തു. നേരത്തെ വൈക്കം ഗവൺമെൻറ് ഗേൾസ് ഹൈസ്‌കൂളിലായിരുന്നു ശ്രീജ അധ്യാപികയായി ജോലി ചെയ്തിരുന്നത്. കഴിഞ്ഞ ജൂൺ ഒന്നിനാണ് കീഴൂർ ജിഎല്പിസ്‌കൂളിൽ പ്രധാനാധ്യാപികയായി സ്ഥാനക്കയറ്റം ലഭിച്ചത്. ജോലിയിൽ പ്രവേശിച്ച് തൊട്ടടുത്ത ദിവസം തന്നെ ശ്രീജ ജോലിയിലെ സമ്മർദ്ദം മൂലം അവധിയിൽ പ്രവേശിച്ചിരുന്നു.
വൈക്കത്ത് തന്നെ അധ്യാപികയായി തന്നെ തിരികെ നിയമിക്കണമെന്നും ഭർത്താവിന് സുഖമില്ല എന്നും ചൂണ്ടിക്കാട്ടി ശ്രീജ വിദ്യാഭ്യാസമന്ത്രിക്ക് അടക്കം അപേക്ഷ നൽകിയിരുന്നു. എന്ന അപേക്ഷ സ്വീകരിക്കാൻ കഴിയില്ലെന്ന് കുറവിലങ്ങാട് ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ശ്രീജക്ക് മറുപടി നൽകിയിരുന്നു. ഓഗസ്റ്റിലാണ് പോളശേരിയിലേക്ക് ശ്രീജക്ക് സ്ഥലം മാറ്റം കിട്ടിയത്. കാർത്തിക് രമേശാണ് മകൻ.