കടുത്തുരുത്തിയിലെ ഗ്രാമീണറോഡുകളിൽ ഭാരവണ്ടികൾക്ക് നിയന്ത്രണം.

കടുത്തുരുത്തി പഞ്ചായത്ത് പ്രദേശത്തെ ഗ്രാമീണ റോഡുകളിൽ ഭാരവണ്ടികളുടെ ഓട്ടം നിയന്ത്രിക്കാൻ നടപടി. പഞ്ചായത്ത് റോഡിലൂടെയുള്ള ലോഡും വാഹനത്തിന്റെ ഭാരവും ഉൾപ്പെടെ 15.5 ടണ്ണിന് മുകളിൽ ഭാരമുള്ള ഗുഡ്‌സ് വാഹനങ്ങൾ, ഹെവി വാഹനങ്ങൾ എന്നിവ നിരോധിക്കാൻ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു.

ഇതുസംബന്ധിച്ച ബോർഡ്, പഞ്ചായത്ത് പരിധിയിലുള്ള എല്ലാ റോഡുകളിലും സ്ഥാപിക്കും. മോട്ടോർ വാഹന വകുപ്പ്, പോലീസ് ഡിപ്പാർട്ടുമെന്റ്, റവന്യൂ, ജിയോളജി വകുപ്പുകൾക്ക് ആവശ്യമായ തുടർ നടപടികൾ സ്വീകരിക്കുന്നതിന് കത്ത് കൊടുക്കും. വ്യവസായ സ്ഥാപനങ്ങളേയും പൊതുജനങ്ങളെയും ഇക്കാര്യം അറിയിക്കും.

വിപരീതമായി പ്രവർത്തിക്കുന്നവരിൽനിന്നും വാഹന ഉടമകളിൽ നിന്നും പഞ്ചായത്ത് റോഡുകൾക്കുണ്ടാകുന്ന നഷ്ടപരിഹാരം ഈടാക്കും. മണ്ണ് കയറ്റി പഞ്ചായത്ത് റോഡിലൂടെ സഞ്ചരിക്കുന്നതിന് പഞ്ചായത്തിൽ നിന്നും ജിയോളജി വകുപ്പിൽനിന്നും നിയമാനുസൃത പെർമിറ്റ് വാങ്ങിയ വസ്തു ഉടമകളിൽ നിന്നും പഞ്ചായത്തിലെ അസിസ്റ്റന്റ് എൻജിനീയറുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ കരുതൽധനം വാങ്ങും. എൻജിനീയറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾക്കായി സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായും പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു.

പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററിൽ ഉൾപെട്ടിട്ടുള്ള ഗ്രാമീണ റോഡുകളിലൂടെ ഭാരവണ്ടികളുടെ അമിതസഞ്ചാരം മൂലം റോഡുകൾക്ക് തുടർച്ചയായി തകരാറുകൾ ഉണ്ടാകുന്നുണ്ട്. സർക്കാരിന്റെ റോഡ് നിർമാണത്തിന് പഞ്ചായത്ത് റോഡുകളിൽ പരമാവധി ഭാരം പത്ത് ടൺ ആയിരിക്കെ 50 ടണ്ണിലധികം ഭാരവുമായി വരുന്ന വാഹനങ്ങളാണ് ഈ റോഡുകളിലൂടെ ഓടുന്നതെന്നും എൽ.എസ്.ജി.ഡി. അസിസ്റ്റന്റ് എൻജിനീയർ റിപ്പോർട്ട് ചെയ്തിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിയമാനുസൃതമായ രീതിയിൽ ഭാരവണ്ടികളുടെ നിയന്ത്രണം ഏർപെടുത്തുന്നതിന് പഞ്ചായത്ത് കമ്മിറ്റി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട്‌ പഞ്ചായത്തംഗം നോബി മുണ്ടയ്ക്കൻ ഭരണസമിതിക്കു കത്ത് നൽകിയിരുന്നു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp