ഏറ്റവും വലിയ വിജയങ്ങളിൽ ഒന്ന്. ഇതാ ലോകം ഞെട്ടിത്തരിച്ച നിമിഷം. ലോകമെങ്ങുമുള്ള ആരാധകർ മരവിച്ചുപോയ നിമിഷം. ലോകകപ്പ് ഫുട്ബോളിൽ കൊമ്പുകുലുക്കി വന്ന അർജന്റീനയെ മുട്ടികുത്തിച്ച് ചരിത്രം രചിച്ച് സൗദി അറേബ്യ. ഗ്രൂപ്പ് സിയിലെ ആദ്യ മത്സരത്തിൽ ഒന്നിനെതിരേ രണ്ട് ഗോളുകൾക്കായിരുന്നു അർജന്റീനയുടെ ഞെട്ടുന്ന തോൽവി. ലോകകപ്പിന്റെ ചരിത്രത്തിൽ അർജന്റീന നേരിടുന്ന ഏറ്റവും വലിയ തോൽവികളിൽ ഒന്നാണിത്. ദിക്കും ദിശയുമറിയാതെ തപ്പിത്തടഞ്ഞ ലയണൽ മെസ്സി എട്ടാം മിനിറ്റിൽ നേടിയ പെനാൽറ്റി ഗോളിൽ ലീഡ് ചെയ്ത ശേഷമാണ് അർജന്റീന തോൽവി ഏറ്റുവാങ്ങിയത്. ഓക്സൈഡ് കെണയിലും ഗോളിയുടെ മിടുക്കിനു മുന്നിലും വീണു തളർന്ന അർജന്റീന ലീഡിനുവേണ്ടി വൃഥാ വിയർക്കുമ്പോൾ നാൽപത്തിയെട്ടാം മനിറ്റിൽ അൽ ഷെഹിയാണ് സൗദിയെയും ലോകത്തെയും ഞെട്ടിച്ചു കൊണ്ട് സമനില ഗോൾ നേടിയത്. അഞ്ച് മിനിറ്റിനുള്ളിൽ ബോക്സിന്റെ വക്കിൽ നിന്ന് മുഴുവൻ ഡിഫൻഡർമാരുടെയും തലയ്ക്ക് മുകളിലൂടെ ഒരു വെടിയുണ്ട പായിച്ച് അൽ ദോസരി വിജയഗോളും വലയിലെത്തിച്ചു. ഗോളി മാർട്ടിനെസ് മാത്രമല്ല, ലോകമെങ്ങുമുള്ള കോടിക്കണക്കിന് വരുന്ന അർജന്റീനയുടെ ആരാധകർ കൂടി തട്ടിത്തരിച്ചുപോയ നിമിഷമായിരുന്നു. അർജന്റീനയുടെ മുപ്പത്തിയാറ് മത്സരങ്ങൾ നീണ്ട അപരാജിത കുതിപ്പിനാണ് സൗദി തടയിട്ടത്.