തണ്ണിമത്തൻ ജ്യൂസിന് 54 രൂപ; ഒരു നാരങ്ങ കൊണ്ട് അഞ്ചിൽ അധികം വെള്ളം; സന്നിധാനത്ത് കൊള്ള വില; പിഴ അടപ്പിച്ച് അധികൃതർ.

ശബരിമല സന്നിധാനത്തെ കൊളള വില ഈടാക്കുന്ന കടകളിൽ പരിശോധന നടത്തി . നിയമ ലംഘനം കണ്ടെത്തിയ മൂന്നു കടകളിൽ നിന്ന് പിഴയും ഈടാക്കി. പത്തിലധികം കടകൾക്ക് താക്കീത് നൽകിയിട്ടുണ്ട്.

സന്നിധാനത്തെ ജ്യൂസ് കട, പാത്രക്കട പാണ്ടിത്താവളത്തിലെ ശ്രീഹരി ഭവൻ ഹോട്ടൽ എന്നിവയാണ് 5000 രൂപ പിഴയടച്ചത്. വ്യാപകമായ പരാതി ഉയർന്നതോടെയാണ് ഡ്യൂട്ടി മജിസ്‌ട്രേറ്റ് പരിശോധന നടത്തിയത്. ജ്യൂസ് കടയിൽ അളവിലും, ഗുണത്തിലും, വിലയിലും തട്ടിപ്പ് നടത്തി.

ഒരു നാരങ്ങ കൊണ്ട് അഞ്ചിലധികം നാരങ്ങാ വെള്ളം എടുക്കും. 43 രൂപയുള്ള തണ്ണിമത്തൻ ജ്യൂസിന് 54 രൂപയാണ് വാങ്ങിയത്. വെട്ടിപ്പ് തുടർന്നാൽ കർശന നടപടി ഉണ്ടാകുമെന്ന താക്കീതും മജിസ്‌ട്രേറ്റ് നൽകി

120 രൂപ തീരുമാനിച്ച പാത്രത്തിന് സന്നിദാനത്തിന് സമീപമുള്ള പാത്രക്കടയിൽ 150 രൂപയാണ് ഈടാക്കിയിരുന്നത്. കൊള്ളവില പരസ്യമായി എഴുതി വച്ചായിരുന്നു കച്ചവടം. ഭക്ഷണസാധനങ്ങൾക്ക് അമിത വില ഈടാക്കിയതിനാണ് പാണ്ടിത്താവളത്തിലെ ഹോട്ടലിന് പിഴയിട്ടത്.

രാവിലെ നടത്തിയ പരിശോധനയിൽ കടകളിൽ നിന്ന് പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടിയിരുന്നു. ഇവർക്ക് താക്കീത് നൽകി. താക്കീത് നൽകിയിട്ടും തട്ടിപ്പ് തുടർന്ന കടകൾക്കാണ് പിഴയിട്ടത് . ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന തീർഥാടകരാണ് കൂടുതലായും കബളിപ്പിക്കുന്നത്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp