തൃശൂർ: തൃശൂർ കൊണ്ടാഴിയിൽ സ്വകാര്യ ബസ് പാടത്തേക്ക് മറിഞ്ഞ് അപകടം. തൃശൂരിൽ നിന്ന് തിരുവില്വാമലയിലേക്ക് വരികയായിരുന്ന സുമംഗലി എന്ന ബസ് ആണ് അപകടത്തിൽപ്പെട്ടത്. രാവിലെ എട്ടുമണിയോടെയാണ് സംഭവം. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുമ്പോൾ റോഡിൻ്റെ അരികിടിഞ്ഞ് പത്തടി താഴെ പാടത്തേക്ക് മറിയുകയായിരുന്നു.
ബസിൽ ഉണ്ടായിരുന്ന യാത്രക്കാരെ നാട്ടുകാരും പോലീസും ചേർന്ന് പുറത്തെടുത്തു. നിസാര പരിക്കേറ്റവരെ പഴയന്നൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലും ഗുരുതര പരിക്കേറ്റവരെ ചേലക്കര താലൂക്ക് ആശുപത്രിയിലേക്കും ഒറ്റപ്പാലത്തേക്കും എത്തിച്ചു. ഡ്രൈവറുടെയും സ്ത്രീയടക്കം രണ്ട് യാത്രക്കാരുടെയും നില ഗുരുതരമാണെന്നാണ് വിവരം. അപകടസമയം സ്കൂൾ വിദ്യാർഥികളടക്കം ബസിലുണ്ടായിരുന്നു.
പഴയന്നൂരിലെ പ്രധാനപ്പെട്ട പാതയുടെ നിർമാണം നടക്കുന്നതിനാൽ സമീപത്തുകൂടിയുള്ള ബൈപ്പാസിലൂടെയാണ് വാഹനങ്ങൾ വഴിതിരിച്ച് വിടുന്നത്. ഈ വഴിയെക്കുറിച്ച് ഡ്രൈവർക്ക് ധാരണയില്ലാത്തതാണ് അപകടകാരണമെന്നാണ് നിഗമനം.