‘മന്ത്രി ചതിയന്‍’; ആന്റണി രാജുവിനെ വിജയിപ്പിച്ചത് തെറ്റായിപ്പോയെന്ന് ലത്തീന്‍ സഭ.

വിഴിഞ്ഞം സംഘര്‍ഷത്തിനിടെ മന്ത്രി ആന്റണി രാജുവിനെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനവുമായി ലത്തീന്‍ സഭ. മന്ത്രി ചതിയനാണെന്ന് വിഴിഞ്ഞം സമരസമിതി കണ്‍വീനര്‍ ഫാദര്‍ തിയോഡീഷ്യസ് ഡിക്രൂസ് പറഞ്ഞു. ലത്തീന്‍ സഭയാണ് മന്ത്രി ആന്റണി രാജുവിനെ വിജയിപ്പിച്ചത്. അത് നിര്‍ഭാഗ്യമായിപ്പോയെന്ന് ഇപ്പോള്‍ തോന്നുന്നു. വിഴിഞ്ഞം വിഷയത്തില്‍ ലത്തീന്‍ സഭയ്ക്ക് വേണ്ടി മന്ത്രി ഇടപെട്ടില്ല. ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ ആന്റണി രാജുവിന് കെട്ടിവച്ച തുക കിട്ടില്ലെന്നും ഫാദര്‍ തിയോഡീഷ്യസ് ഡിക്രൂസ് പറഞ്ഞു.

‘മന്ത്രി ആന്റണി രാജു ഏതോ സ്വപ്ന ലോകത്ത് ജീവിക്കുന്ന വ്യക്തിയാണ്. അദ്ദേഹത്തെ തെരഞ്ഞെടുപ്പില്‍ ജയിപ്പിക്കാന്‍ വേണ്ടി ഞങ്ങള്‍ രാവും പകലും നടന്നു. പക്ഷേ ഞങ്ങളെ ചതിക്കുകയാണ് അദ്ദേഹം ചെയ്തത്. ജയിച്ചുവന്നപ്പോള്‍ തന്നെ ആദ്യം നടത്തിയ പ്രതികരണത്തില്‍ ഞങ്ങളെ തള്ളിപ്പറഞ്ഞു. എല്ലാവരും പിന്തുണച്ച് ആന്റണി രാജുവിനെ ജയിപ്പിച്ചത് നിര്‍ഭാഗ്യകരമായിപ്പോയി.

ഒരു വാക്കുപോലും ഞങ്ങള്‍ക്ക് അനുകൂലമായി സംസാരിക്കാത്ത ആളാണദ്ദേഹം. മന്ത്രിക്കസേര എന്നും കൂടെയുണ്ടാകുമെന്നാണ് അദ്ദേഹത്തിന്റെ വിചാരം. പക്ഷേ ഇന്നൊരു തെരഞ്ഞെടുപ്പ് വന്നാല്‍ ആന്റണി രാജുവിന് കെട്ടിവച്ച പണം പോലും കിട്ടില്ല. ആ രീതിയില്‍ അദ്ദേഹം തകര്‍ന്നുതരിപ്പണമാകും’. തിയോഡീഷ്യസ് ഡിക്രൂസ് പ്രതികരിച്ചു.

അതേസമയം വിഴിഞ്ഞം സംഘര്‍ഷത്തില്‍ കസ്റ്റഡിയിലെടുത്ത അഞ്ച് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. പൊലീസ് സ്റ്റേഷന്‍ ആക്രമണത്തില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് എഡിജിപി എം.ആര്‍ അജിത് കുമാര്‍ പറഞ്ഞു. സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കുന്നതില്‍ സാഹചര്യം വിലയിരുത്തിയ ശേഷം തീരുമാനമുണ്ടാകും. പ്രതിഷേധക്കാരെ പിന്‍വലിക്കുമെന്ന് സഭാ പ്രതിനിധികള്‍ ഉറപ്പ് നല്‍കിയതായും എഡിജിപി വ്യക്തമാക്കി.

വിഴിഞ്ഞത്ത് പ്രതിഷേധത്തിന്റെയും സംഘര്‍ഷത്തിന്റേയും പശ്ചാത്തലത്തില്‍ ഇന്ന് സമാധാന ചര്‍ച്ച നടത്തും. രാവിലെ ചേരുന്ന സര്‍വകക്ഷി യോഗത്തില്‍ മന്ത്രിമാര്‍ പങ്കെടുത്തേക്കും. വിഴിഞ്ഞത് രാവിലെ 8.30ന് തീരവാസികളുമായും 10.30ന് അതിരൂപത പ്രതിനിധികളുമായും തുടര്‍ന്ന് കളക്ടറുമായും ചര്‍ച്ച നടത്തും.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp