എഫ്ഐആർ കീറി എറിഞ്ഞു, 2 പോലീസ് ജീപ്പുകൾ തകർത്തു, വിഴിഞ്ഞം തീരത്ത് ജാ​ഗ്രത നിർദേശം, മറ്റ് ജില്ലകളിൽ നിന്ന് പോലീസ് എത്തും, സമാധാന യോ​ഗം ഇന്ന്

തിരുവനന്തപുരം: കഴിഞ്ഞ ദിവസം നടന്ന മണിക്കൂറുകൾ നീണ്ട സംഘർഷങ്ങൾക്ക് ശേഷം കനത്ത ജാഗ്രതയിൽ വിഴിഞ്ഞം തീരം. തുറമുഖസമരവുമായി ബന്ധപ്പെട്ട് ഞായറാഴ്ച രാത്രി വിഴിഞ്ഞം യുദ്ധക്കളമായി മാറുകായിരുന്നു. ശനിയാഴ്ചത്തെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് സ്ത്രീകളുള്‍പ്പെടെ രണ്ടായിരത്തോളം മത്സ്യത്തൊഴിലാളികള്‍ ഞായറാഴ്ച രാത്രിയോടെ പോലീസ് സ്റ്റേഷൻ വളയുകയിയരുന്നു. ചിലർ അകത്ത് കയറി ഫ്രണ്ട് ഓഫീസ് അടക്കം അടിച്ച് തകർത്തു.

36 പോലീസുകാര്‍ക്കാണ് സംഭവത്തിൽ പരിക്കേറ്റത്. ഇതില്‍ എസ്ഐ ലിജോ പി മണിയുടെ കാലിന് ഗുരുതരപരിക്കേറ്റു. അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. പോലീസ് സ്റ്റേഷനിൽ എത്തിയ അക്രമികൾ എഫ്ഐആർ കീറി കളയുകയായിരുന്നു. പരിക്കേറ്റ പോലീസുകാരെ പുറത്തിറക്കാന്‍ പോലും സമരക്കാര്‍ അനുവദിച്ചില്ല. കൂടുതല്‍ പോലീസെത്തിയാണ് പ്രതിഷേധക്കാരെ അടിച്ചൊതുക്കിയത്.

എഡിജിപിയും കളക്ടറും ഉള്‍പ്പടെസ്ഥലത്തെത്തിയിരുന്നു. അര്‍ധരാത്രിയോടെ സ്ഥിതിഗതികള്‍നിയന്ത്രണ വിധേയമായതായാണ് പോലീസ് നൽകുന്ന വിവരം. നാല് പോലീസ് ജീപ്പും രണ്ട് വാനും ഇരുപതോളം ബൈക്കുകളും സ്റ്റേഷനിലെ ഓഫിസ് മുറിയിലുണ്ടായിരുന്ന ഫര്‍ണിച്ചറുകളും രേഖകളുമാണ് പ്രതിഷേധക്കാര്‍ നശിപ്പിച്ചത്. വിഴിഞ്ഞത്തെ മത്സ‍്യത്തൊഴിലാളി സമരത്തിൽ പോലീസിനെതിരെ കെസിബിസിയും രംഗത്തെത്തിയിട്ടുണ്ട്. ലത്തീൻ അതിരൂപത ആർച്ച്ബിഷപ്പിനെയും സഹായ മെത്രാനെയും അടക്കം പ്രതികളാക്കി കേസെടുക്കുന്നതു നീതീകരിക്കാനാവില്ലെന്നു കെസിബിസി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

വിഴിഞ്ഞം തുറമുഖ നിർമാണ വിഷയത്തിൽ സമാധാന ചർച്ച തിങ്കളാഴ്ചയും തുടരും. ഉച്ചയ്ക്കു ശേഷം കലക്ടറുടെ ചേംബറിലാണ് ചർച്ച നടക്കുക. ഇതിന് മുമ്പ് വിഴിഞ്ഞത്തെ സംഘർഷവുമായി ബന്ധപ്പെട്ട് രണ്ടുഘട്ടങ്ങളിലായി ചർച്ച നടന്നിരുന്നു. സമാധാനം പുന:സ്ഥാപിക്കലാണ് ആദ്യ ലക്ഷ്യമെന്നും, മന്ത്രിമാരെ സർവകക്ഷിയോഗത്തിൽ പങ്കെടുപ്പിക്കാൻ ശ്രമിക്കുന്നുണ്ടെന്നും നിലവിൽ 144 പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്നും കലക്ടർ പറഞ്ഞു.

അതേസമയം വിഴിഞ്ഞം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന മദ്യവില്‍പ്പന ശാലകളുടെ പ്രവര്‍ത്തനം നവംബര്‍ 28 മുതല്‍ ഡിസംബര്‍ നാല് വരെ നിരോധിച്ചതായി ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് അറിയിച്ചു.അനിശ്ചിതകാല ഉപരോധസമരം കണക്കിലെടുത്താണ് നടപടിയെന്നും അറിയിപ്പില്‍ പറയുന്നു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp