കഴിഞ്ഞവര്‍ഷം 9.92 കോടി, ഇത്തവണ വരുമാനം 52 കോടി; ശബരിമലയിൽ ആദ്യ പത്ത് ദിവസം തീർഥാടകപ്രവാഹം.

സന്നിധാനം: ശബരിമല തീര്‍ഥാടനത്തിന്‍റെ ആദ്യപത്ത് ദിവസം പിന്നിടുമ്പോള്‍ തീര്‍ഥാടകപ്രവാഹമാണ് കാണുന്നതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് അഡ്വ. കെ അനന്തഗോപന്‍. ഇതുവരെ ലഭിച്ച വരുമാനത്തിലും വര്‍ധനവുണ്ടായി. ആകെ 52,55,56840 (52.55 കോടി) രൂപയാണ് ഇതുവരെയുള്ള വരുമാനം. കൊവിഡ് മൂലം നിയന്ത്രണങ്ങളുണ്ടായിരുന്ന കഴിഞ്ഞ വര്‍ഷം) ഇതേ സമയം വരെ 9.92 കോടി രൂപയായിരുന്നു വരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇത്തവണ ഇതുവരെ ലഭിച്ച 52 കോടിയിൽ അപ്പം ഇനത്തില്‍ 2,58,20640 (2.58 കോടി), അരവണ ഇനത്തില്‍ 23,57,74800 (23.57 കോടി), കാണിക്കയായി 12,73,75320 (12.73 കോടി), മുറിവാടകയിനത്തില്‍ 48,845,49 (48.84 ലക്ഷം), അഭിഷേകത്തില്‍ നിന്ന് 31,87310 (31.87 ലക്ഷം) എന്നിങ്ങനെയാണ് വരുമാനം.

ശബരിമല വരുമാനത്തിന്‍റെ മുക്കാല്‍ ഭാഗവും ഉത്സവനടത്തിപ്പ് ചെലവിനായി വിനിയോഗിക്കുന്നുവെന്നും ദേവസ്വം ബോർഡ് പ്രസിഡന്‍റ് വ്യക്തമാക്കി. അപ്പം, അരവണ സ്റ്റോക്ക് നിലവില്‍ ആവശ്യത്തിനുണ്ട്. അടുത്ത 20 ദിവസത്തേക്കുള്ള ആവശ്യത്തിനായി 51 ലക്ഷം കണ്ടെയ്‌നര്‍ അരവണ സ്‌റ്റോക്കുണ്ട്. ദിവസം ശരാശരി രണ്ടര ലക്ഷം അരവണയാണ് ചെലവാകുന്നതെന്നും അഡ്വ കെ അനന്തഗോപൻ പറഞ്ഞു.

മണ്ഡലകാലം തുടങ്ങിയതു മുതല്‍ അയ്യപ്പന്‍മാര്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാത്ത ക്രമീകരണമാണ് നടത്തിയത്. ഓണ്‍ലൈന്‍, സ്‌പോട്ട് ബുക്കിങ്ങുകള്‍ ഫലപ്രദമായി നടപ്പിലാക്കാന്‍ സാധിച്ചു. സന്നിധാനത്തെത്താനുള്ള നാല് പാതകളും തുറന്നു കൊടുത്തിട്ടുണ്ട്. അയ്യപ്പന്‍മാര്‍ക്ക് ഇതില്‍ ഏത് വഴിയും തെരഞ്ഞെടുക്കാം. ചാലക്കയം-പമ്പ റോഡില്‍ വൈദ്യുതവിളക്കില്ലെന്ന പോരായ്മ പരിഹരിച്ചു.

അയ്യപ്പന്‍മാര്‍ മലകയറുന്ന പ്രധാന വഴിയിലെ അറ്റകുറ്റപ്പണികള്‍ മറ്റന്നാള്‍ തുടങ്ങി, അടുത്തയാഴ്ചയോടെ പൂര്‍ത്തിയാക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്‍റ് പറഞ്ഞു. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ദിവസം മൂന്ന് നേരവും അന്നദാനം മുടക്കമില്ലാതെ നല്‍കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp