വൈദ്യുതി ബിൽ കുറയ്ക്കാൻ ലക്ഷ്യമിട്ട് വൻതുക മുടക്കി സൗരോർജ പാനലുകൾ സ്ഥാപിച്ചവർ ആശങ്കയിലാണ്. നിലവിലെ നെറ്റ് മീറ്ററിങ്
സംവിധാനത്തിനു പകരം ഗ്രോസ് മീറ്ററിങ് ഏർപ്പെടുത്തണമെന്ന സംസ്ഥാന വൈദ്യൂതി ബോർഡിന്റെ ആവശ്യം വീണ്ടും റഗുലേറ്ററി കമ്മിഷന്റെ
പരിഗണനയ്ക്ക് എത്തിയതാണ് ആശങ്കയ്ക്കു കാരണം. ഇതു സംബന്ധിച്ച തെളിവെടുപ്പു വൈകാതെ നടക്കും ഗ്രോസ് മീറ്ററിങ് നടപ്പാക്കുന്നതോടെ ഓൺഗ്രിഡ് സോളർ പാനലുകൾ സ്ഥാപിച്ചവർക്കു വൈദ്യുതി ബില്ലിൽ ലഭിക്കുന്ന ഇളവുകൾ ഇല്ലാതാകും ഉപയോഗിക്കുന്ന വൈദ്യുതിയും സോളർ പാനലിൽനിന്ന് ഉൽപാദിപ്പിക്കുന്ന വൈദ്യുതിയും തമ്മിലുള്ള വ്യത്യാസം കണക്കാക്കി അധികം ഉപയോഗിക്കുന്ന യൂണിറ്റിനു മാത്രം ബിൽ നൽകുന്നതാണു നിലവിലെ രീതി. ഉൽപാദിപ്പിക്കുന്ന വൈദ്യുതിക്കും ഉപയോഗിക്കുന്ന വൈദ്യുതിക്കും ഒരേനിരക്കാണു കണക്കാക്കുന്നത്. ഉപയോഗം കുറവാണെങ്കിൽ കെഎസ്‌ഇബിക്ക് അധികമായി നൽകിയ വൈദ്യുതിക്ക് ഉപയോക്താവിനു പണം ലഭിക്കും.
ഗ്രോസ് മീറ്ററിങ് വരുന്നതോടെ മറ്റ് ഉപയോക്താക്കൾ നൽകുന്ന അതേ നിരക്കിൽ സൗരോർജ ഉൽപാദകരും ബിൽ അടയ്ക്കേണ്ടിവരും
ഉൽപാദിപ്പിക്കുന്ന വൈദ്യുതി ഉപയോഗത്തിൽനിന്നു കുറയ്ക്കാത്തതിനാൽ സ്ലാബും സ്വാഭാവികമായും ഉയരും. ഇതോടെ ബിൽ തുക പതിന്മടങ്ങ് ഉയരും. പീക്ക് സമയത്തെ ഉപയോഗത്തിന് ഉയർന്ന നിരക്ക് ഈടാക്കാനുള്ള ശുപാർശ നടപ്പായാൽ അതും ബിൽ തുക ഉയർത്തും. ഇതോടെ സൌരോർജ പ്ലാന്റുകൾ സ്ഥാപിച്ചവർക്കു പത്തോ ഇരുപതോ വർഷം കഴിഞ്ഞാലും മുടക്കുമുതൽ തിരിച്ചുകിട്ടാത്ത സ്ഥിതിവരുമെന്നാണ് ആശങ്ക. ഗ്രോസ് മീറ്ററിങ് നടപ്പാക്കണമെന്ന ആവശ്യം കഴിഞ്ഞവർഷവും കെഎസ്‌ഇബി മുന്നോട്ടുവച്ചിരുന്നു. എന്നാൽ, അന്ന് ആവശ്യം റഗുലേറ്ററി കമ്മിഷൻ തള്ളി പുനരൂപയോഗ ഈർജ സ്രോതസ്സുകളിൽ നിന്നുള്ള ഉൽപാദനം റിന്യൂവബിൾ പർച്ചേസ് ഒബ്ലിഗേഷൻ പാലിക്കാൻ പറ്റുന്നതയും ഇല്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു അന്ന് ആവശ്യം തള്ളിയത്. എന്നാൽ,ജലവൈദ്യുതിയെക്കൂടി പുനരുപയോഗ വൈദ്യുതിയുടെ ഗണത്തിൽപ്പെടുത്തി കേന്ദ്രസർക്കാർ മാനദണ്ഡങ്ങൾ പരിഷ്കരിച്ചതോടെ കേരളത്തിന് ഇപ്പോൾ ആർപിഒ പാലിക്കേണ്ട ആവശ്യം വരുന്നില്ല. ഈ സാഹചര്യത്തിൽ റഗുലേറ്ററി കമ്മിഷൻ കെഎസ്‌ഇബിയുടെ വാദം അംഗീകരിച്ചാൽ സൗരോർജ ഉൽപാദകരും സ്വകാര്യ മേഖലയിൽ കാറ്റ്, ജലവൈദ്യുത പദ്ധതികൾ തുടങ്ങി വിവിധ പുനരൂപയോഗ ഈർജ സ്രോതസ്സുകളിൽ നിക്ഷേപിച്ചവരും കടുത്ത പ്രതിസന്ധിയിലാകും