വിശപ്പ് മാറ്റാൻ വിഴുങ്ങിയത് 187 നാണയങ്ങൾ; പുറത്തെടുത്തത് ഒന്നര കിലോഗ്രാമോളം നാണയ തുട്ടുകൾ

വിശപ്പുമാറ്റാൻ നാണയം വിഴുങ്ങുകയോ? വിശ്വസിക്കാൻ പ്രയാസം ഉണ്ടാകുമല്ലേ! കർണാടകയിലെ റായ്ച്ചൂരിലെ ലിംഗസൂഗൂരിൽ 58 കാരൻ ധ്യാമപ്പയുടെ ആമാശയത്തിൽ നിന്നും നീക്കം ചെയ്തത് ഒന്നര കിലോഗ്രാമോളം നാണയങ്ങളാണ്. എപ്പോഴും വിശപ്പ് തോന്നുന്നതിനാലാണ് ധ്യാമപ്പ നാണയങ്ങൾ വിഴുങ്ങിയത്.

187 നാണയങ്ങളാണ് ശസ്ത്രക്രിയയിലൂടെ ധ്യാമപ്പയുടെ ആമാശയത്തിൽ നിന്നും പുറത്തെടുത്തത്. ഒന്ന് മുതൽ അഞ്ച് രൂപ വരെയുള്ള നാണയങ്ങളാണ് ധ്യാമപ്പ വിഴുങ്ങിയത്. ഏഴ് മാസത്തിനിടെയാണ് ഇത്രയും നാണയങ്ങൾ വിഴുങ്ങിയതെന്ന് ധ്യാമപ്പ ഡോക്ടർമാരോട് പറഞ്ഞു. വയറുവേദനയെത്തുടർന്നാണ് ധ്യാമപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

എസ് നിജലിംഗപ്പ മെഡിക്കൽ കോളജിലെ ഡോക്ടർ ഈശ്വർ കൽബുർഗി, സർജറി വിഭാഗത്തിലെ ഡോ പ്രകാശ് കട്ടിമണി, അനസ്‌തേഷ്യ വിദഗ്ധരായ ഡോ അർച്ചന, ഡോ രൂപാൽ ഹുലകുണ്ടെ എന്നിവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്.

അഞ്ച് രൂപയുടെ അമ്പത്തിയാറ് നാണയങ്ങളും രണ്ട് രൂപയുടെ 51 നാണയങ്ങളും ഒരു രൂപയുടെ 80 നാണയതുട്ടുകളുമാണ് ധ്യാമപ്പ വിഴുങ്ങിയത്. കടുത്ത വയറുവേദന അനുഭവപ്പെടുന്നതായി പറഞ്ഞതിനെത്തുടർന്നാണ് ധ്യാമപ്പയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. തുടർന്നു നടത്തിയ എക്സ് റേ പരിശോധനയിലും എൻഡോസ്കോപി പരിശോധനയിലും ധ്യാമപ്പയുടെ വയറ്റിൽ നാണയ തുട്ടുകൾ കണ്ടെത്തുകയായിരുന്നു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp