കൊച്ചി പൂത്തോട്ട എസ്എന്‍ കോളജിലെ കെഎസ് യു പ്രവര്‍ത്തകയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മൂന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. പ്രവീണ എന്ന വിദ്യാര്‍ത്ഥിനിയെ കഴിഞ്ഞ ദിവസമാണ് തട്ടിക്കൊണ്ടുപോയത്. രാജേശ്വരി, അതുല്‍ദേവ്, സിദ്ദാര്‍ത്ഥ് ഷാജി എന്നിവരാണ് അറസ്റ്റിലായത്. യൂണിയന്‍ പിടിക്കാനാണ് കെഎസ് യു പ്രവര്‍ത്തകയെ തട്ടിക്കൊണ്ട് പോയതെന്നായിരുന്നു പരാതി.
കഴിഞ്ഞ ദിവസമായിരുന്നു പൂത്തോട്ട എസ്എന്‍ കോളജിലെ യൂണിയന്‍ തെരഞ്ഞെടുപ്പ്. ആദ്യം ക്ലാസ് റെപ്പായി തെരഞ്ഞെടുക്കപ്പെട്ട പ്രവീണ എന്ന കെഎസ്‌യു അംഗമായ വിദ്യാര്‍ത്ഥിനിയെ ഉച്ചയ്ക്ക് ശേഷം നടന്ന വൈസ് ചെയര്‍മാന്‍, ചെയര്‍മാന്‍ തെരഞ്ഞെടുപ്പിന് മുന്‍പ് സ്ഥലത്ത് നിന്ന് മാറ്റിനിര്‍ത്തുകയായിരുന്നു. പ്രവീണയുടെ സുഹൃത്ത് തനിക്ക് സുഖമില്ലെന്നും ആശുപത്രിയില്‍ പോകണമെന്നും പറഞ്ഞ് പ്രവീണയെ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. കാറില്‍ മറ്റ് രണ്ട് സുഹൃത്തുക്കളും ഉണ്ടായിരുന്നു. ശേഷം തെരഞ്ഞെടുപ്പ് സമയം കഴിഞ്ഞാണ് തിരികെയെത്തിച്ചത്.
ഫോണ്‍ ചെയ്യാനും പ്രവീണയെ അനുവദിച്ചിരുന്നില്ല. വിദ്യാര്‍ത്ഥിനിയെ കാണാതായതോടെ കോളജ് അധികൃതര്‍ പൊലീസില്‍ വിവരമറിയിച്ചു. തിരിച്ചെത്തിയ വിദ്യാര്‍ത്ഥിനി തന്നെയാണ് തന്നെ തട്ടിക്കൊണ്ട് പോയതാണെന്ന് പൊലീസില്‍ മൊഴി നല്‍കിയത്. ഉദയം പേരൂര്‍ പൊലീസാണ് കേസെടുത്ത് അന്വേഷണം നടത്തിയത്.