കൊച്ചി: കൊച്ചിയിൽ കാൽനട യാത്രക്കാരിക്ക് നേരെ ആക്രമണം. കൈക്ക് വെട്ടേറ്റ യുവതിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നടുറോഡിൽ വെച്ചാണ് യുവതിക്ക് നേരെ ആക്രമണമുണ്ടായത്. ഇതരസംസ്ഥാനക്കാരിയായ യുവതിക്കാണ് വെട്ടേറ്റത്. അക്രമിയും ഇതര സംസ്ഥാനക്കാരനാണെന്നാണ് റിപ്പോർട്ടുകൾ.
കൊച്ചി ആസാദ് റോഡിൽ വെച്ചായിരുന്നു ആക്രമണം. രണ്ടു യുവതികള്‍ നടന്നുപോകുന്നതിനിടെ ബൈക്കിലെത്തിയ യുവാവ് ഇവരെ തടഞ്ഞുനിര്‍ത്തി അക്രമം നടത്തുകയായിരുന്നു. കഴുത്തിന് വെട്ടാനുള്ള ശ്രമം തടയുന്നതിനിടെയാണ് യുവതിയുടെ കൈക്ക് വെട്ടേറ്റത്.
യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച പ്രതി ബൈക്കിൽ രക്ഷപ്പെട്ടു. വെട്ടാൻ ഉപയോഗിച്ച് കത്തി സ്ഥലത്ത് നിന്നും കണ്ടെത്തി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. യുവതിയുടെ പരിക്ക് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.