ഏറെ പ്രതീക്ഷയോടെയാണ് സംവിധായകൻ അൽഫോൺസ് പുത്രൻ്റെ ചിത്രമായ പ്രേമം തീയറ്ററുകളിലെത്തിയത്. എന്നാൽ, പൃഥ്വിരാജും നയൻ താരയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ഗോൾഡ് പ്രതീക്ഷിച്ച മികച്ചതായില്ലെന്ന നിരാശയാണ് സിനിമാ പ്രേമികൾ പങ്കുവെക്കുന്നത്. മലയാള സിനിമാ സംസ്കാരത്തെപ്പോലും സ്വാധീനിച്ച പ്രേമം എന്ന ബമ്പർ ഹിറ്റ് സിനിമ പുറത്തിറങ്ങി ഏഴ് വർഷങ്ങൾക്കു ശേഷം അൽഫോൺസ് അണിയിച്ചൊരുക്കിയ ഗോൾഡ് പ്രേമത്തിനൊപ്പമായില്ലെന്നതാണ് പ്രധാന വിമർശനം. ഇപ്പോഴിതാ ഗോൾഡിനെതിരായ വിമർശനങ്ങളിൽ സംവിധായകൻ അൽഫോൺസ് പുത്രൻ തന്നെ പ്രതികരിച്ചിരിക്കുകയാണ്.
നെഗറ്റീവ് റിവ്യൂകളിൽ കുശുമ്പും, പുച്ഛവും, തേപ്പുമെല്ലാം തന്നെ കുറിച്ചും സിനിമയെ കുറിച്ചും കേൾക്കാം എന്ന് അൽഫോൺസ് തൻ്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു. പ്രത്യേക നന്ദി നെഗറ്റീവ് റിവ്യൂസ് എഴുതന്നവർക്ക്. ഗോൾഡ് അങ്ങനെ എടുക്കാമായിരുന്നു, ഇങ്ങനെ എടുക്കാമായിരുന്നു എന്ന് പറയരുത്. കാരണം, താനും ഗോൾഡ് എന്ന സിനിമ ആദ്യമായിട്ടാണ് എടുക്കുന്നത് എന്നും അദ്ദേഹം കുറിച്ചു.
അൽഫോൺസ് പുത്രൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:
ഗോൾഡിനെ കുറിച്ചൊള്ള ….നെഗറ്റീവ് റിവ്യൂസ് എല്ലാരും കാണണം. കൊറേ കുശുമ്പും, പുച്ഛവും, തേപ്പും എല്ലാം എന്നെ കുറിച്ചും എന്റെ സിനിമയെ കുറിച്ച് കേൾക്കാം. അത് കേൾക്കുമ്പോൾ കിട്ടുന്ന ഒരു സുഖം ഉണ്ടല്ലോ….എന്റെ പ്രത്യേക നന്ദി നെഗറ്റീവ് റിവ്യൂസ് എഴുതന്നവർക്കു.
ചായ കൊള്ളൂല്ല എന്ന് പെട്ടെന്ന് പറയാം !!! കടുപ്പം കൂടിയോ കുറഞ്ഞോ ? വെള്ളം കൂടിയോ കുറഞ്ഞോ ? പാല് കൂടിയോ കുറഞ്ഞോ ? പാല് കേടായോ , കരിഞ്ഞോ ? മധുരം കൂടി, മധുരം കുറഞ്ഞു…എന്ന് പറഞ്ഞാൽ ചായ ഇണ്ടാക്കുന്ന ആൾക്ക് അടുത്ത ചായ ഇണ്ടാക്കുമ്പോൾ ഉപകരിക്കും. അയ്യേ ഊള ചായ, വൃത്തിക്കെട്ട ചായ, വായേല് വെക്കാൻ കൊള്ളാത്ത ചായ എന്ന് പറഞ്ഞ…നിങ്ങളുടെ ഈഗോ വിജയിക്കും. ഇതുകൊണ്ടു രണ്ടു പേർക്കും ഉപയോഗം ഇല്ല. നേരം 2 , പ്രേമം 2 എന്നല്ല ഞാൻ ഈ സിനിമയ്ക്കു പേരിട്ടത്…ഗോൾഡ് എന്നാണു. ഞാനും , ഈ സിനിമയിൽ പ്രവർത്തിച്ച ആരും നിങ്ങളെ വെറുപ്പിക്കാനോ, ഉപദ്രവിക്കാനോ, നിങ്ങളുടെ വിലപ്പെട്ട സമയം കളയണോ … ചെയ്തതല്ല ഈ സിനിമ. ഇനിയും എന്നെയും എന്റെ ടീമിനെയും സംശയിക്കരുത്.
NOTE * ഗോൾഡ് അങ്ങനെ എടുക്കാമായിരുന്നു…ഇങ്ങനെ എടുക്കാമായിരുന്നു എന്ന് പറയരുത് . കാരണം…ഞാനും ഗോൾഡ് എന്ന സിനിമ ആദ്യമായിട്ടാണ് എടുക്കുന്നത്…നേരത്തെ ഗോൾഡ് ചെയ്തു ശീലം ഉണ്ടെങ്കിൽ നിങ്ങൾ പറയുന്നത് ശെരിയാണ്.
എന്ന് നിങ്ങളുടെ സ്വന്തം അൽഫോൻസ് പുത്രൻ. !!!!!