ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ സംഭവം: വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ പൊലീസ് കേസെടുത്തു

ഇടുക്കി കിഴുകാനത്ത് ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ പൊലീസ് കേസെടുത്തു. ഫോറസ്റ്റർ അനിൽ കുമാർ അടക്കം 13 പേർക്ക് എതിരെയാണ് കേസ്. സരുൺ സജിയെ കള്ളക്കേസിൽ കുടുക്കിയതിനും കസ്റ്റഡിയിൽ മർദിച്ചതിനുമാണ് കേസ്. പട്ടിക ജാതി പീഡന നിരോധന നിയമത്തിലെ വകുപ്പുകൾ ചുമത്തി. വൈൾഡ് ലൈഫ് വാർഡൻ രാഹുലിനെയും കേസിൽ പ്രതി ചേർത്തു.

ഓട്ടോറിക്ഷയിൽ കാട്ടിറച്ചി കടത്തിക്കൊണ്ടു വന്ന് വിൽപന നടത്തി എന്നാരോപിച്ച് കഴിഞ്ഞ സെപ്‌തംബർ 20നാണ് സരുൺ സജിയെ കിഴുക്കാനം ഫോറസ്റ്റർ അനിൽ കുമാറും സംഘവും അറസ്റ്റ് ചെയ്തത്. ഇത് കള്ളക്കേസാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അനിൽ കുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ എൻ.ആർ.ഷിജിരാജ്, വി.സി.ലെനിൻ, ഡ്രൈവർ ജിമ്മി ജോസഫ് വാച്ചർമാരായ കെ.ടി.ജയകുമാർ, കെ.എൻ.മോഹനൻ എന്നിവരെ സസ്‌പെൻഡ് ചെയ്തിരുന്നു. വൈൽഡ് ലൈഫ് വാർഡൻ രാഹുലും കേസിലെ പ്രതിയാണ്.

തനിക്കെതിരെ കള്ളക്കേസെടുത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ടാണ് സരുൺ സജി എസ്‌സി എസ്ടി കമ്മിഷന് പരാതി നൽകുകയായിരുന്നു. കുമളിയിൽ നടന്ന സിറ്റിംഗിൽ കേസ് പരിഗണിച്ചപ്പോഴാണ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാൻ കമ്മിഷൻ അധ്യക്ഷൻ വി.എസ്.മാവോജി പൊലീസിന് നിർദ്ദേശം നൽകിയത്. പട്ടിക ജാതി പീഡന നിരോധന നിയമത്തിലെ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp