വിവാദപ്രസംഗത്തെ തുടര്‍ന്ന് രാജിവെച്ച സജി ചെറിയാന് മന്ത്രിസഭയിലേക്ക് മടങ്ങിയെത്താന്‍ വഴി തെളിയുന്നു. തിരുവനന്തപുരം എകെജി സെന്ററില്‍ ഇന്നു ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിഷയം ചര്‍ച്ച ചെയ്‌തേക്കും. സജി ചെറിയാന്‍ ഭരണഘടനയെ അവഹേളിച്ചില്ലെന്നു കാണിച്ച് പൊലീസ് കേസ് അവസാനിപ്പിക്കുകയും, കോടതിക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്ത സാഹചര്യത്തിലാണ് നീക്കം.
ഭരണഘടനയെ അവഹേളിക്കുന്ന പ്രസംഗം നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് കഴിഞ്ഞ ജൂലൈയിലാണ് സജി ചെറിയാന്റെ രാജി വച്ചത്. പകരം മറ്റൊരാള്‍ക്ക് സിപിഐഎം മന്ത്രിസ്ഥാനം കൈമാറിയിരുന്നില്ല. സജി ചെറിയാന്‍ കൈകാര്യം ചെയ്തിരുന്ന സാംസ്‌കാരികവകുപ്പ് വി.എന്‍.വാസവനും ഫിഷറീസ് വി.അബ്ദുറഹിമാനും യുവജനക്ഷേമം പി.എ.മുഹമ്മദ് റിയാസിനും വീതിച്ചു നല്‍കുകയായിരുന്നു. പൊലീസിന്റെ കണ്ടെത്തല്‍ അനുകൂലമായാല്‍ അദ്ദേഹത്തിന് മന്ത്രിസഭയിലേക്ക് മടങ്ങിയെത്താന്‍ കഴിയും വിധമായിരുന്നു ക്രമീകരണം.