കാമുകി പിണങ്ങിപ്പോയി, ജീവനൊടുക്കാൻ കാമുകൻ പുഴയിൽ ചാടി; മുങ്ങിപ്പോയപ്പോൾ മരണഭയം, തൂണിൽ പിടിച്ച് കിടന്ന യുവാവിനെ രക്ഷിച്ചു

തൊടുപുഴ: കാമുകി പിണങ്ങി പോയതുമായി ബന്ധപ്പെട്ട തർക്കത്തിൻ്റെ പേരിൽ പോലീസ് വിളിപ്പിച്ചതറിഞ്ഞ് പുഴയിൽ ചാടിയ യുവാവിനെ രക്ഷിച്ചു. കോലാനി സ്വദേശി ജോജോയാണ് ഇന്നലെ ഉച്ചയ്ക്ക് തൊടുപുഴയാറ്റിൽ ചാടിയത്. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരും പോലീസും ചേർന്നാണ് യുവാവിനെ രക്ഷിച്ചത്. വല ഇട്ടു നൽകിയാണ് യുവാവിനെ രക്ഷപ്പെടുത്തിയത്.

ഉച്ചയോടെയാണ് പാലത്തില്‍ നിന്നും തൊടുപുഴയാറ്റിലേക്ക് യുവാവ് ചാടിയത്. സംഭവം കണ്ട വഴിയാത്രക്കാര്‍ ഉടന്‍ പോലീസിനെ അറിയിച്ചു. പോലീസുകാര്‍ ഓടിയെത്തിയെങ്കിലും ഒഴുക്ക് ശക്തമായ പുഴയിലേക്കിറങ്ങാന്‍ സാധിച്ചില്ല. തുടര്‍ന്ന് ഫയര്‍ഫോഴ്സിനെ വരുത്തി. ഈ സമയം ഒഴുക്കില്‍പ്പെട്ട് ഭയന്ന ജോജോ പാലത്തിന്റെ കോണ്‍ക്രീറ്റ് തൂണില്‍ കയറിപ്പിടിച്ചു.

അഗ്നിരക്ഷാ സേനാംഗത്തിലൊരാള്‍ നീന്തിയെത്തി ജോജോയെ സുരക്ഷിതനാക്കി. മറ്റ് സേനാംഗങ്ങള്‍ പുഴയുടെ മധ്യത്തിലേക്ക് നീന്തിയെത്താന്‍ ശ്രമിച്ചെങ്കിലും ശക്തമായ അടിയൊഴുക്ക് മൂലം സാധിച്ചില്ല. തുടർന്ന് പാലത്തില്‍ നിന്നും കെട്ടിയ വടത്തില്‍ തൂങ്ങിയാണ് സേനാംഗങ്ങള്‍ പുഴയിലേക്കിറങ്ങിയത്. പിന്നീട് വലയുപയോഗിച്ച് ജോജോയെ കരക്കെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റി.

ഇടുക്കി സ്വദേശിയായ യുവതിയുമായി ജോജോ ജോര്‍ജ് പ്രണയത്തിലായിരുന്നു. നവംബര്‍ 11 മുതല്‍ യുവാവിനൊപ്പം കോലാനിയിലായിരുന്നു യുവതിയുടെ താമസം. ജോജോ നേരത്തെ മറ്റൊരു വിവാഹം ചെയ്തിരുന്നുവെന്ന വിവരം അറിഞ്ഞതോടെ യുവതി ബന്ധത്തില്‍ നിന്നും പിന്തിരിഞ്ഞു.

ബുധനാഴ്ച രാവിലെ തൊടുപുഴ പോലീസ് സ്റ്റേനിലെത്തിയ യുവതി മാതാപിതാക്കള്‍ക്കൊപ്പം പോകുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് യുവാവ് പുഴയില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജോജോ ജോര്‍ജ് സുഖം പ്രാപിച്ചു വരുന്നു. ഹൈറേഞ്ചിലെ ഒരു ആശുപത്രിയിലെ ഡ്രൈവറാണ് ജോജോ. ആശുപത്രിയിലെ ജീവനക്കാരിയാണ് ഒപ്പമുണ്ടായിരുന്ന യുവതി.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, നിങ്ങള്‍ ഒറ്റയ്ക്കല്ല. സഹായം തേടാം ഉടനെ. ദയവായി വിളിക്കൂ: ദിശ ഹെല്‍പ്പ്‍ലൈന്‍ – 1056 (ടോള്‍ ഫ്രീ)

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp