മരണങ്ങളിൽ മനം തകർന്ന് വീട്ടിൽ ദുർമന്ത്രവാദം; ‘തറ്റിയോട് ദേവി’ മോഷ്ടിച്ചത് 55 പവനും ഒന്നര ലക്ഷം രൂപയും, ആൾദൈവത്തിനെതിരെ കേസ്

തിരുവനന്തപുരം: വെള്ളായണിയില്‍ ദുര്‍മന്ത്രവാദത്തിന്റെ മറവില്‍ വന്‍ കവര്‍ച്ച. തെറ്റിയോട് ദേവിയെന്ന് അവകാശപ്പെടുന്ന കളിയിക്കാവിളയിലെ ആള്‍ദൈവവും സംഘവും ചേര്‍ന്ന് പൂജയുടെ മറവില്‍ 55 പവന്‍ സ്വര്‍ണവും ഒന്നര ലക്ഷം രൂപയും കവര്‍ന്നതായാണ് പരാതി. തറ്റിയോട് ദേവിയെന്ന് അവകാശപ്പെടുന്ന ആള്‍ദൈവമായ വിദ്യയും സംഘവുമാണ് തട്ടിപ്പ് നടത്തിയത്.

വെള്ളായണി കൊടിയില്‍ വീട്ടിലെ വിശ്വംഭരന്റെ കുടുംബത്തിലെ ശാപം മാറ്റാന്‍ എത്തിയ കളിയിക്കാവിള സ്വദേശിനിയായ ആള്‍ദൈവം സ്വര്‍ണവും പണവും പൂജാമുറിയില്‍ അടച്ചുവച്ച് പൂജിച്ചാലേ ഫലം കിട്ടൂവെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് കവര്‍ച്ച നടത്തിയത്. മന്ത്രവാദത്തിന്റെ മറവില്‍ നടന്ന തട്ടിപ്പായതിനാല്‍ വിശ്വംഭരന്‍ പോലീസില്‍ ആദ്യം പരാതിപ്പെട്ടതുമില്ല. പണവും സ്വര്‍ണവും തിരികെ ചോദിച്ചപ്പോള്‍ കുടുംബത്തെ ഒന്നാകെ കുരുതികൊടുക്കുമെന്ന് അവര്‍ ഭീഷണിപ്പെടുത്തിയെന്നും വിശ്വംഭരന്‍ പറയുന്നു. 2021 ല്‍ നടന്ന സംഭവത്തിന്റെ വിവരങ്ങള്‍ ഇപ്പോഴാണ് പുറത്തുവരുന്നത്.

കുടുംബത്തിലെ മരണങ്ങളില്‍ മനം തകര്‍ന്നാണ് വിശ്വംഭരനും മക്കളും കഴിഞ്ഞ വര്‍ഷം തറ്റിയോട് ദേവിയെന്ന് അവകാശപ്പെടുന്ന ആള്‍ദൈവമായ വിദ്യയുടെ വീട്ടില്‍ എത്തുന്നത്. വിശ്വംഭരനെയും കുടുംബത്തെയും കയ്യിലെടുത്ത ആള്‍ദൈവം വിദ്യ വിശ്വംഭരന്റൈ വീട്ടില്‍ വന്ന് പൂജ നടത്താമെന്നേറ്റു. പിന്നാെല വിദ്യയും നാലംഗസംഘവും പൂജക്കായി വെള്ളായണിയിലെ വിശ്വംഭരന്റെ വീട്ടിലെത്തി. വീട്ടില്‍ അടുത്തുതന്നെ വീണ്ടും ദുര്‍മരണം ഉണ്ടാകുമെന്ന് വിദ്യ പറഞ്ഞതോടെ കുടുംബം വീണ്ടും വിഷമത്തിലായി. സഹോദരന്‍ മരിച്ച വിഷയത്തില്‍ കഴിഞ്ഞിരുന്ന വിശ്വംഭരന്റെ ഭാര്യക്ക് ഇത് താങ്ങാവുന്നതിലപ്പുറമായിരുന്നു.

പരിഹാരമെന്നോണം വീട്ടിലെ ഒരു മുറി പൂജാകേന്ദ്രമാക്കി മാറ്റി അവിടെ വിദ്യയും സംഘവും പൂജ തുടങ്ങി. രാത്രിയുടെ മറവിലായിരുന്നു പൂജകള്‍. ദേവി പ്രീതിപ്പെടണമെങ്കില്‍ സ്വര്‍ണവും പണവും പൂജാമുറിയിലെ അലമാരിയില്‍ വച്ച് പൂട്ടി പൂജിക്കണമെന്ന് വിദ്യ നിര്‍ദേശിച്ചു. ദേവിയും അദൃശ്യമായി ഇരുതല സര്‍പ്പവും മുറിയിലുണ്ടാകുമെന്ന് വീട്ടുകാരോടു പറഞ്ഞു. പതിനഞ്ച് ദിവസം അലമാര തുറക്കാന്‍ പാടില്ലെന്നും വിദ്യ ഇവരോട് പറഞ്ഞു. ഇതോടെ 55 പവന്‍ സ്വര്‍ണവും ഒന്നര ലക്ഷം രൂപയും വീട്ടുകാര്‍ അലമാരയില്‍ വച്ച് പൂട്ടി.

എന്നാല്‍ പതിനഞ്ച് ദിവസം കഴിഞ്ഞപ്പോള്‍ അലമാര തുറക്കാന്‍ ആള്‍ദൈവം വിദ്യയോ കൂടെയുള്ളവരോ എത്തിയില്ല. അന്വേഷിച്ചപ്പോള്‍ ശാപം തീര്‍ന്നില്ലെന്നും മൂന്ന് മാസം കഴിയുമെന്നുമായിരുന്നു മറുപടി. പിന്നീടത് ഒരു വര്‍ഷമായി. ഒടുവില്‍ വീട്ടുകാര്‍ തന്നെ അലമാര തുറന്നുനോക്കിയപ്പോഴാണ് സ്വര്‍ണവും, പണവും നഷ്ടപ്പെട്ടതായി കണ്ടെത്തിയത്
തുടര്‍ന്ന് വിദ്യയെ ബന്ധപ്പെട്ടപ്പോള്‍ കേസ് കൊടുത്താല്‍ കുടുംബത്തെ ഒന്നാകെ കുരുതികൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും വീട്ടുകാര്‍ പറയുന്നു. പിന്നീട് കമ്മീഷ്ണര്‍ക്കും ഡിജിപിക്കും പരാതി നല്‍കി. ഇതോടെ ആള്‍ദൈവത്തെയും സംഘത്തെയും വിളിച്ചു വരുത്തി. കേസുമായി മുന്നോട്ട് പോകില്ലെന്നും സ്വര്‍ണവും പണവും തിരിച്ച് നല്‍കിയാല്‍ മതിയെന്നും വിശ്വംഭരന്‍രെ ഭാര്യ പറഞ്ഞതോടെ ഇവരെ വിട്ടയച്ചു. പിന്നീട് കുറച്ചു സ്വര്‍ണം തിരിച്ചു നല്‍കി. ബാക്കിയുള്ളത് ഇതുവരെ തിരികെ നല്‍കാത്തതിനാലാണ് കേസുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചതെന്നും വീട്ടുകാര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp