രാജ്യത്തെ ഫൈബർ ബ്രോഡ്ബാന്റ് വിപണിയിൽ ജിയോഫൈബർ, എയർടെൽ എക്സ്ട്രീം ഫൈബർ എന്നിവ പിടിമുറുക്കുമ്പോൾ ആകർഷകമായ പ്ലാനുകളുമായി വരിക്കാരെ ആകർഷിക്കാനുള്ള ശ്രമങ്ങളിലാണ് ബിഎസ്എൻഎൽ ഭാരത് ഫൈബർ. ഒരു വർഷം വാലിഡിറ്റിയും ആകർഷകമായ ആനുകൂല്യങ്ങളുമുള്ള പുതിയ പ്ലാൻ അവതരിപ്പിച്ചു. നിലവിൽ ഈ പ്ലാൻ വെബ്സൈറ്റിൽ കാണുന്നില്ല. എങ്കിലും പ്ലാൻ എല്ലാ ഭാരത് ഫൈബർ ഉപയോക്താക്കൾക്കും ലഭ്യമാകുമെന്ന് ബിഎസ്എൻഎൽ (BSNL) അറിയിച്ചിട്ടുണ്ട്.
ടെലിക്കോം റിപ്പോർട്ട് ചെയ്തത് അനുസരിച്ച് പുതിയ വാർഷിക ബ്രോഡ്ബാൻഡ് പ്ലാൻ 50Mbps വേഗതയുള്ള ഇന്റർനെറ്റാണ് ഉപയോക്താക്കൾക്ക് നൽകുന്നത്. ഈ പ്ലാനിലൂടെ ഒരു വർഷത്തേക്ക് വാലിഡിറ്റിയും ലഭിക്കും. ഇടയ്ക്കിടെയുള്ള റീചാർജുകൾ ഒഴിവാക്കാനും വാലിഡിറ്റി തീർന്ന് ഇന്റർനെറ്റ് ഇല്ലാതെയാകുന്ന അവസ്ഥ ഒഴിവാക്കാനും ഈ പുതിയ പ്ലാൻ സഹായിക്കും. പ്രതിമാസ പ്ലാനുകളുമായി വച്ച് നോക്കുമ്പോൾ സാമ്പത്തികമായും അല്പം ലാഭമുണ്ടാക്കുന്ന പ്ലാനാണ് ഇത്.
റിപ്പോർട്ട് അനുസരിച്ച് ബിഎസ്എൻഎൽ ഭാരത് ഫൈബർ നൽകുന്ന പുതിയ വാർഷിക പ്ലാനിന് 5,399 രൂപയാണ് വില. ഈ പ്ലാൻ 50Mbps വേഗതയിലുള്ള ഇന്റർനെറ്റ് നൽകുന്നു. മൊത്തത്തിൽ 3300GB ഡാറ്റയാണ് പ്ലാനിലൂടെ ലഭിക്കുന്നത്. ഈ എഫ്യുപി ലിമിറ്റ് അവസാനിച്ച് കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗത കുറയുന്നു. വാർഷിക പ്ലാൻ ആയതുകൊണ്ട് തന്നെ 365 ദിവസം മുഴുവൻ വാലിഡിറ്റിയും ഈ പ്ലാൻ നൽകുന്നുണ്ട്. ഈ പ്ലാനിലൂടെ ഒടിടി സബ്‌സ്‌ക്രിപ്‌ഷനുകളോ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കുകയില്ല.
ബിഎസ്എൻഎൽ നിലവിൽ ഉപഭോക്താക്കൾക്ക് നൽകുന്ന ഏറ്റവും വില കുറഞ്ഞ വാർഷിക ബ്രോഡ്‌ബാൻഡ് പ്ലാനുകളിൽ ഒന്നാണിത്. പ്ലാനിന് മൊത്തത്തിൽ 5,399 രൂപയാണ് ചിലവാകുന്നത്. ഓരോ മാസവും 450 രൂപ വീതമാണ് ഇതിന് നിരക്ക് വരുന്നത്. വീടുകളിൽ ഭാരത് ഫൈബർ ബ്രോഡ്ബാന്റ് ഉപയോഗിക്കുന്ന ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാൻ തന്നെയാണ് ഇത്. വീഡിയോ സ്ര്ടീമിങ് പോലുള്ള കാര്യങ്ങൾക്ക് ഈ ഇന്റർനെറ്റ് വേഗത മതിയാകും.
മറ്റ് വാർഷിക ബ്രോഡ്ബാന്റ് പ്ലാനുകൾ
ബിഎസ്എൻഎൽ ഭാരത് ഫൈബർ പുതുതായി അവതരിപ്പിച്ച പ്ലാനിന് പുറമേ മറ്റ് ചില വാർഷിക പ്ലാനുകളും നൽകുന്നുണ്ട്. 7,188 രൂപ, 3,948 രൂപ നിരക്കുകളിൽ രണ്ട് വാർഷിക പ്ലാനും ബിഎസ്എൻഎൽ നൽകുന്നുണ്ട്. ഇതിൽ 7,188 രൂപ വിലയുള്ള പ്ലാനിലൂടെ 60Mbps വേഗതയുള്ള ഇന്റർനെറ്റാണ് ലഭിക്കുന്നത്. ഈ പ്ലാനിലൂടെയും 3300GB ഡാറ്റയാണ് ലഭിക്കുന്നത്. ഈ ഡാറ്റ ലിമിറ്റ് അവസാനിച്ച് കഴിഞ്ഞാൽ 4Mbps വേഗതയിൽ അൺലിമിറ്റഡ് ഡാറ്റ ലഭിക്കും. അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി-കോളിംഗ് ആനുകൂല്യങ്ങളും ഈ പ്ലാനിലൂടെ ലഭിക്കും.
ബിഎസ്എൻഎൽ ഭാരത് ഫൈബറിന്റെ ഏറ്റവും വില കുറഞ്ഞ വാർഷിക പ്ലാനിന് 3,948 രൂപയാണ് നിരക്ക്. ഈ പ്ലാൻ ഉപയോക്താക്കൾക്ക് 1000GB ഡാറ്റയാണ് നൽകുന്നത്. പ്ലാനിലൂടെ 20Mbps വേഗത മാത്രമേ ലഭിക്കുകയുള്ളു. ഈ വേഗത മതിയെന്നുള്ള ആളുകൾക്ക് ഇത് മികച്ച ചോയിസാണ്. പ്ലാനിലൂടെ ലഭിക്കുന്ന ഡാറ്റ ലിമിറ്റ് അവസാനിച്ച് കഴിഞ്ഞാൽ വേഗത 4Mbps ആയി കുറയുന്നു. പ്ലാൻ അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി കോളുകളും നൽകുന്നുണ്ട്.