ജീവനക്കാർ ഇറങ്ങിയോടി; മഞ്ചേരിയിൽ കിടക്ക നിര്‍മാണ ശാലയില്‍ വന്‍ തീപിടിത്തം

മലപ്പുറം: മഞ്ചേരിയില്‍ കിടക്ക നിര്‍മാണ ശാലയില്‍ വന്‍ തീപിടിത്തം. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ ചെരണിയിലെ റെക്‌സിന്‍ ഷോപ്പ് ഉള്‍പ്പെട്ട ഇരുനില കെട്ടിടത്തിലാണ് തീപിടിച്ചത്. ആളപായമോ പരിക്കോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തീ പടർന്നതോടെ തൊഴിലാളികള്‍ പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.

മലപ്പുറം, മഞ്ചേരി എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്നിശമന സേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി. തീ അണക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. ജില്ലയില്‍ വിവിധ ഇടങ്ങളിലുണ്ടാകുന്ന തീ പിടിത്തങ്ങള്‍ വലിയ തോതില്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കുന്നതായ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പ്രതിരോധിക്കാന്‍ പരിശീലനം നല്‍കാനായി മോക്ഡ്രിലുകള്‍ നടത്തിയിരുന്നു.

ദിവസങ്ങള്‍ക്കു മുമ്പാണ് എംഎസ്പി സ്‌കൂളിലുണ്ടായിരുന്ന തീപിടിത്തം കുട്ടികളെ ഭീതിയിലാഴ്ത്തിയത്. ഉച്ചയ്ക്ക് രണ്ടിനാണ് ഹൈസ്‌കൂള്‍ വിഭാഗത്തിലെ കെട്ടിടത്തില്‍ നിന്നും പുക ഉയര്‍ന്നത്. സംഭവമറിഞ്ഞ് നാട്ടുകാരും ഓടികൂടി. മിനിറ്റുകള്‍ക്കകം എത്തിയ ഫയര്‍ഫോഴ്സ് അപകടത്തില്‍പെട്ടവരെ രക്ഷപ്പെടുത്തകയും തീ അണക്കുകയും ചെയ്തു. തീ പിടിത്തമുണ്ടായ അര മണിക്കൂറിനകം രക്ഷാപ്രവര്‍ത്തനം അവസാനിച്ചു. തീപിടിത്തം മോക്ഡ്രിലാണെന്ന് അറിഞ്ഞതോടെ ആദ്യം ഭയന്ന് പോയവര്‍ക്ക് ആശ്വാസമായി. അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണത്തിന്റെ ഭാഗമായാണ് മോക്ഡ്രില്‍ നടത്തിയത്.

ദുരന്ത സമയത്ത് എങ്ങനെ പ്രവര്‍ത്തിക്കണമെന്നും രക്ഷാപ്രവര്‍ത്തനം എങ്ങനെയാകണമെന്നും അവബോധം നല്‍കുന്നതിനായിരുന്നു പരിപാടി. രക്ഷാപ്രവര്‍ത്തന രീതികള്‍ മനസിലാക്കാന്‍ ഉതകുന്ന രീതിയിലായിരുന്നു മോക്ഡ്രില്‍ നടത്തിയത്. ദുരന്ത സ്ഥലത്തെടുക്കേണ്ട മുന്‍കരുതല്‍ സംബന്ധിച്ചും പ്രാഥമിക ചികിത്സ സംബന്ധിച്ചുമെല്ലാം അറിവ് പകരുന്ന രീതിയിലാണ് മോക്ഡ്രില്‍ നടത്തിയത്.

രക്ഷാപ്രവര്‍ത്തനം നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും രീതിയുമെല്ലാം പരിപാടിയില്‍ വിശദീകരിച്ചു. വിവിധ വകുപ്പുകള്‍ എങ്ങനെ ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മനസിലാക്കാനും സഹായകരമാവുന്ന രീതിയിലായിരുന്നു പരിപാടി ആസൂത്രണം ചെയ്തത്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp