മതിയായ റോഡ് സൗകര്യമില്ലാത്തതിന്റെ പോരായ്മങ്ങൾക്കൊപ്പം തന്നെ വൈദ്യുതിയും മൊബൈൽറേഞ്ചും ഇല്ലാത്തതിന്റെ പ്രയാസങ്ങൾ ആവോളം അനുഭവിക്കുന്നവരാണ് അട്ടപ്പാടിയിലെ കടുകുമണ്ണ ഊര് നിവാസികൾ
റോഡില്ലാത്തതിനാൽ സാധനങ്ങളൊക്കെ മുൻകൂട്ടി വാങ്ങിവെക്കണം. മുക്കാലിയിൽ പോകുന്നവർ ആഴ്ചയിലൊരിക്കൽ ജീപ്പിന് സാധനങ്ങൾ വാങ്ങി,ചുമന്നത് ഊരിലെത്തിക്കും. അത്യാവശ്യത്തിന് എന്തെങ്കിലും വേണമെന്ന് തോന്നിയാൽ വീട്ടിലെത്തിക്കാൻ ഒരു വഴിയുമില്ല. മൂന്ന് മണിക്കൂർ മാത്രം ബാക്കപ്പ് ലഭിക്കുന്ന സോളാർ വൈദ്യുതിയാണ് മിക്ക വീടുകളിലും. ചിലയിടങ്ങളിൽ അതുമില്ല. മൊബൈൽ റേഞ്ച് ഇല്ലാത്തതിനാൽ എത്ര അത്യാവശ്യമുളള കാര്യമാണെങ്കിലും അത് നടന്ന് ചെന്ന് അറിക്കാതെ മറ്റ് വഴികളില്ല. സമ്പൂർണ്ണ വൈദ്യുതീകരണമെന്നും ഡിജിറ്റലൈസേഷനെന്നുമൊക്കെ അവകാശം കൊളളുന്ന 2022ലാണ് ഈ സാഹചര്യമെന്ന് ഓർക്കണം.
ചികിത്സയുടെ കാര്യത്തിൽ ഊര് നിവാസികൾക്ക് പ്രദേശത്തെ അംഗനവാടിയിൽ ലഭിക്കുന്ന നേഴ്സിന്റെ സേവനം മാത്രമാണ് ഏക ആശ്രയം.പക്ഷേ ഡോക്ടറേ നേരിൽ കാണേണ്ട കാര്യമാണെങ്കിൽ എത്ര ഗൗരവമേറിയ അസുഖമാണെങ്കിലും നടന്ന് ആനവായിലെത്തിയേ മതിയാകു. ഈ പ്രയാസങ്ങൾക്കൊക്കെ ഇപ്പോഴത്തെ ഇടപെടലുകളിലൂടെ ഒരു പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് ഒരുപാട് തവണ വാഗ്ദാനങ്ങൾ കേട്ട് മടുത്ത ഊര് നിവാസികൾ.