തിരുവനന്തപുരം : കത്ത് നിയമന വിവാദത്തിലെ സമരത്തിനിടെ തിരുവനന്തപുരം നഗരസഭയിലെ ബിജെപി വനിതാ കൗണ്‍സിലര്‍മാര്‍ക്കെതിരെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഡിആര്‍ അനില്‍ നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ മുഖ്യമന്ത്രിയെ കണ്ട് പരാതി നല്‍കാനൊരുങ്ങി ബിജെപി.
നടപടി ആവശ്യപ്പെട്ട് സിപിഎം ജനറല്‍ സെക്രട്ടറിക്കും സംസ്ഥാന സെക്രട്ടറിക്കും കത്തയയ്ക്കും. നഗരസഭയില്‍ രാപ്പകല്‍സമരം നടത്തിയ അംഗങ്ങളെ പോലീസ് അര്‍ദ്ധരാത്രി അറസ്റ്റ് ചെയ്ത് നീക്കിയ നടപടി ഗൂഡാലോചനയുടെ ഭാഗമാണെന്നും ബിജെപി തിരുവനന്തപുരം ജില്ലാ അധ്യക്ഷന്‍ വി വി രാജേഷ് ആരോപിച്ചു.
‘പൈസ ആണ് ആവശ്യമെങ്കില്‍ വേറെ പണിക്ക് പോകണം”എന്നായിരുന്നു ഡി ആര്‍ അനില്‍ നടത്തിയ പരാമര്‍ശം. അനിലിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ ബിജെപി പ്രതിഷേധം കടുപ്പിച്ചിരിക്കുകയാണ്. ബിജെപി വനിത കൗണ്‍സിലര്‍മാര്‍ മേയറുടെ വഴിതടയുകയും ചെയ്തു. ഇതിനിടെ നിലത്ത് കിടന്ന് പ്രതിഷേധിച്ച വനിത അംഗങ്ങളെ മറികടന്ന് മേയര്‍ ഡയസിലെത്തി. പോലീസും എല്‍ഡിഎഫ് വനിതാ കൗണ്‍സിലര്‍മാരും ചേര്‍ന്ന് മേയറെ ഡയസിലെത്തിക്കുകയായിരുന്നു. പിന്നാലെ ഒന്‍പത് വനിതാ ബിജെപി അംഗങ്ങളെ മേയര്‍ സസ്പെന്റ് ചെയ്യുകയുമുണ്ടായി.