വൈദ്യുതി പോസ്റ്റുകളില്‍ പരസ്യം പതിക്കുന്നവര്‍ക്കെതിരേ നിയമനടപടികളുമായാണ് കെ.എസ്.ഇ.ബി. രംഗത്ത് ഇറങ്ങിയിരിക്കുന്നത് . വൈദ്യുതി തൂണുകളില്‍ പരസ്യം പതിക്കുകയോ, എഴുതുകയോ ചെയ്താല്‍ ക്രിമിനല്‍ കേസെടുക്കുമെന്നു കെ.എസ്.ഇ.ബി അറിയിച്ചു. കൂടാതെ തൂണുകളില്‍ കൊടിതോരണങ്ങളും ഫ്‌ളക്‌സ് ബോര്‍ഡുകളും കെട്ടുന്നത് അറ്റകുറ്റപ്പണിക്കെത്തുന്ന ജീവനക്കാര്‍ക്ക് വളരെയധികം ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നുണ്ടെന്നും KSEB പറയുന്നു.
പൊതുമുതല്‍ നശിപ്പിക്കല്‍ വകുപ്പ് ചുമത്തിയാണ് ഇവര്‍ക്കെതിരേ കേസെടുക്കുക. വൈദ്യുതി അപകടങ്ങള്‍ ഉടനടി പൊതുജനങ്ങള്‍ക്ക് അറിയിക്കാനായി വൈദ്യുതി പോസ്റ്റുകളില്‍ മഞ്ഞ പെയിന്റ് അടിച്ച് എഴുതുന്ന നമ്പര്‍ രേഖപ്പെടുത്തിയ ഭാഗത്താണ് പലരും പരസ്യം പതിക്കുന്നത്. ഇതു ശ്രദ്ധയില്‍പ്പെട്ട ഉദ്യോഗസ്ഥര്‍ ഇവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. കേസിനു പുറമെ, ഇവരില്‍നിന്ന് പിഴയും ഈടാക്കും.വൈദ്യുതി തൂണുകളിൽ ഏതെങ്കിലും തരത്തിലുള്ള കൈയേറ്റം ശ്രദ്ധയിൽപ്പെട്ടാൽ ഉത്തരവാദികൾക്കെതിരേ കർശന നടപടിയെടുക്കണമെന്ന കോടതി നിർദേശം നിലനിൽക്കവേ ഒട്ടുമിക്ക വൈദ്യുതി തൂണുകളും പരസ്യങ്ങളാൽ നിറഞ്ഞുനിൽക്കുകയാണ്.