ചൈന കൊവിഡ് കണക്കുകൾ മറച്ചുവയ്ക്കുന്നുവെന്ന് ആരോപണം. ലോകാരോഗ്യസംഘടനയ്ക്ക് കൊവിഡ് കണക്കുകൾ കൈമാറുന്നില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. എന്നാൽ ചൈനയിൽ കൊവിഡ് സാഹചര്യം അതീവരൂക്ഷമയതിനാൽ കണക്കുകൾ നൽകാനെടുക്കുന്ന കാലതാമസമാകാം ഇതിന് പിന്നിലെന്നും സംശയിക്കപ്പെടുന്നുണ്ട്
ലോകാരോഗ്യ സംഘടന പുറത്ത് വിടുന്ന കണക്കുകൾ പ്രകാരം ചൈനയിൽ ഓരോ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം വർധിക്കുകയാണ്. ഡിസംബർ 4ന് ചൈനയിൽ പ്രതിദിനം 28,859 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മൂന്ന് വർഷത്തിനിടെ ഇതാദ്യമായാണ് ചൈനയിലെ പ്രതിദിന കൊവിഡ് കണക്ക് ഇത്രയും ഉയരുന്നത്. എന്നാൽ ഡിസംബർ 4ന് ശേഷം ചൈനയിൽ നിന്ന് കണക്കുകളൊന്നും ലോകാരോഗ്യ സംഘടനയ്ക്ക് ലഭിച്ചിട്ടില്ല.
ചൈനയിൽ കണ്ടെത്തിയ ബിഎഫ് 7 ലോകമെമ്പാടും പടർന്ന് പിടിക്കുകയാണ്. ബിഎഫ് 7 ന്റെ ആഘാതം പൂർണതോതിൽ അറിയണമെങ്കിൽ ചൈനയിലെ കണക്കുകൾ ലഭിച്ചേ പറ്റൂ. ഈ അവസരത്തിൽ ചൈന കണക്കുകൾ മൂടി വയ്ക്കാൻ ശ്രമിക്കുന്നത് ദുരുദ്ദേശപരമാണെന്ന് ജോർജ്ടൗൺ സർവകലാശാല പ്രൊഫസർ ലോറൻസ് ഗോസ്റ്റിൻ റോയിറ്റസിനോട് പറഞ്ഞു.