കുർബാന തർക്കം: എറണാകുളം സെൻ്റ്. മേരീസ് ബസിലിക്കയിൽ സംഘർഷം; ബലിപീഠം തള്ളിമാറ്റി, വിളക്കുകൾ പൊട്ടിവീണു

കൊച്ചി: കുർബാനയെ ചൊല്ലി എറണാകുളം സെൻ്റ്. മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ സംഘർഷം. അൾത്താരയ്ക്കു മുന്നിൽ ഔദ്യോഗിക, വിമത പക്ഷങ്ങൾ ഏകീകൃത, ജനാഭിമുഖ കുർബാനകൾ അർപ്പിച്ചു. രാത്രിയുടനീളം വിമതപക്ഷം ജനാഭിമുഖ കുർബാന നടത്തിയിരുന്നു. ഈ സമയം ഔദ്യോഗിക പക്ഷം പള്ളിക്കുള്ളിൽ നിലയുറപ്പിച്ചിരുന്നു. ഇന്ന് രാവിലെ അൾത്താരയിലേക്കു തള്ളിക്കയറിയ ഔദ്യോഗിക പക്ഷം ബലിപീഠമടക്കം തള്ളിമാറ്റി, വിളക്കുകൾ പൊട്ടിവീണു. കുർബാന തുടരുമെന്നും അൾത്താരയിൽനിന്നു ഇറങ്ങിപ്പോകില്ലെന്നുമുള്ള നിലപാടിലാണ് വിമതപക്ഷത്തെ വൈദികർ. വൻ പോലീസ് സന്നാഹം പള്ളിക്കുള്ളിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.

ഇന്നലെ വൈകീട്ട് അഞ്ചുമണിയോടെയാണ് തർക്കം തുടങ്ങിയത്. രാത്രി എട്ടുമണിവരെ ഇരു വിഭാഗവും അൾത്താരയിൽനിന്നു നേർക്കുനേർ ഏകീകൃത, ജനാഭിമുഖ കുർബാനകൾ അർപ്പിച്ചിരുന്നു. ഇതിനു ശേഷം ഔദ്യോഗിക പക്ഷം പിരിഞ്ഞു പോയി, വിമതപക്ഷം ജനാഭിമുഖ കുർബാന തുടർന്നു. ഇടയ്ക്ക് ഔദ്യോഗിക വിഭാഗം തടസപ്പെടുത്താനെത്തിയെങ്കിലും പോലീസ് തടഞ്ഞു. പലതവണ ഇരു വിഭാഗവും നേർക്കുനേർ എത്തിയെങ്കിലും പോലീസ് ഇടപെട്ടതോടെ സംഘർഷം ഒഴിവാകുകയായിരുന്നു. ഇന്ന് രാവിലെ 10 മണിയോടെയാണ് വീണ്ടും സംഘർഷാവസ്ഥ ഉണ്ടായത്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp