ഇ.പിയുമായി തെറ്റി, എംഡി സ്ഥാനം തെറിച്ചു; കരാറുകാരന്റെ പരാതി കോടിയേരിക്കും മുഖ്യമന്ത്രിക്കും കിട്ടിയത് 2019ല്‍

സിപിഐഎമ്മിലെ ഇ പി ജയരാജന്‍- പി ജയരാജന്‍ പോരില്‍ കരുതലോടെ നീങ്ങാന്‍ ഇരുപക്ഷവും. പാര്‍ട്ടി നേരത്തെ ചര്‍ച്ച ചെയ്ത വിഷയം അനാവശ്യമായി കുത്തിപ്പൊക്കിയതാണെന്ന് ഇ പി ജയരാജന്‍ അനുകൂലികള്‍ പറയുമ്പോള്‍ തെറ്റുതിരുത്തല്‍ രേഖ ആയുധമാക്കിയാണ് പി ജയരാജന്റെ നീക്കം. തലശേരിയിലെ കരാറുകാരന്‍ കെ പി രമേഷ് കുമാര്‍ ഇ.പി ജയരാജനുമായി തെറ്റിയതാണ് ആരോപണങ്ങള്‍ക്ക് പിന്നിലെന്നാണ് കണ്ണൂരിലെ ചില നേതാക്കളുടെ വിലയിരുത്തല്‍.

ഇ.പി ജയരാജന്റെ ഭാര്യയ്ക്കും മകനും നിക്ഷേപമുള്ള കണ്ണൂരിലെ വൈദേകം റിസോര്‍ട്ടിന്റെ മുന്‍ എംഡിയാണ് കെ പി രമേഷ് കുമാര്‍. കണക്കെഴുത്തുകാരനില്‍ നിന്ന് കോടീശ്വരനായി വളര്‍ന്ന വ്യവസായി. നിക്ഷേപത്തെ ചൊല്ലി ഇ.പിയുമായി തെറ്റിയതോടെ എംഡി സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ടു. ഇ പി ജയരാജന്‍ മൂലം കോടികള്‍ നഷ്ട്പെട്ടെന്ന് കാട്ടി 2019ല്‍ രമേഷ് കുമാര്‍ കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും പരാതി നല്‍കിയിരുന്നു. പരാതിയില്‍ നടപടിയില്ലാതെ വന്നതോടെയാണ് രമേഷ് കുമാര്‍ പി ജയരാജനെ സമീപിച്ചതെന്നാണ് സിപിഐഎം നേതാക്കളുടെ വിലയിരുത്തല്‍.

എന്നാല്‍ തെറ്റ് തിരുത്തല്‍ രേഖ തുണയ്ക്കുമെന്നാണ് പി ജയരാജന്റെ വിശ്വാസം. അനധികൃത സ്വത്ത് സമ്പാദനം എന്ന രേഖയിലെ ഭാഗങ്ങളാണ് എം വി ഗോവിന്ദന്‍ ഉയര്‍ത്തിക്കാട്ടുന്നതും പി ജയരാജന്‍ അടിവരയിടുന്നതും. തനിക്ക് നിക്ഷേപമില്ലാത്ത സ്ഥാപനത്തെ കുറിച്ച് വിവാദമുയര്‍ത്തുകയും തന്നെ അതിലേക്ക് വലിച്ചിഴയ്ക്കുകയും ചെയ്യുന്നത് ശരിയല്ലെന്ന നിലപാടിലാണ് ഇ പി ജയരാജന്‍. ഏതായാലും സിപിഐഎമ്മിന്റെ കേന്ദ്രനേതൃത്വം എന്ത് നിലപാടെടുക്കുമെന്നയറിയാനുള്ള തയ്യാറെടുപ്പിലാണ് രാഷ്ട്രീയ കേരളം.

ഇപി ജയരാജന്‍ വിവാദത്തിലെ നിലപാട് സംബന്ധിച്ച് ലീഗിനുള്ളിലും ഭിന്നത ഉടലെടുത്തുകഴിഞ്ഞു. ഇ പി ജയരാജനെതിരായുള്ള സാമ്പത്തിക ആരോപണം സിപിഐഎമ്മിന്റെ ആഭ്യന്തര കാര്യമാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചിരുന്നു. എന്നാല്‍ ഇതിനെ തള്ളി കെ എം ഷാജിയും കെപിഎ മജീദും രംഗത്തെത്തി. വിഷയം സിപിഐഎമ്മിന്റെ ആഭ്യന്തര കാര്യമല്ലെന്ന് ഇരുവരും അഭിപ്രായപ്പെട്ടു. ഇപി ജയരാജനെതിരെയുള്ള വിവാദങ്ങള്‍ക്ക് പിന്നില്‍ പിണറായി വിജയനാണെന്നാണ് കെ എം ഷാജിയുടെ വാദം.

കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണത്തിന് പിന്നാലെ എതിര്‍പ്പുമായി കെപിഎ മജീദും രംഗത്തെത്തിയിരുന്നു. റിസോര്‍ട്ടില്‍ അടിമുടി ദുരൂഹതയുണ്ട്. സാമ്പത്തിക ഇടപാടില്‍ വലിയ സംശയങ്ങളുണ്ട്. ഇക്കാര്യത്തെ കുറിച്ച് മിണ്ടാതിരിക്കാന്‍ പറ്റില്ല, അന്വേഷിക്കണമെന്നായിരുന്നു കെപിഎ മജീദ് ഫേസ്ബുക്കില്‍ കുറിച്ചത്. വിഷയത്തില്‍ കുഞ്ഞാലിക്കുട്ടിയുടെ നിലപാടിനെതിരെ യൂത്ത് ലീഗും രംഗത്തുവന്നു.ആരോപണത്തില്‍ കൃത്യമായ അന്വേഷണം വേണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെട്ടു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp