രഞ്ജി ട്രോഫിൽ എലീറ്റ് ഗ്രൂപ്പ് സിയിൽ ഛത്തീസ്ഗഡിനെതിരെ കേരളത്തിന് നിർണായകമായ ഒന്നാം ഇന്നിംഗ്സ് ലീഡ്. 162 റൺസിൻ്റെ നിർണായകമായ ലീഡാണ് കേരളം ആദ്യ ഇന്നിംഗ്സിൽ സ്വന്തമാക്കിയത്. ഛത്തീസ്ഗഡിനെ 149 റൺസിനു ചുരുട്ടിക്കെട്ടിയ കേരളം ഒന്നാം ഇന്നിംഗ്സിൽ 311 റൺസിന് ഓൾ ഔട്ടായി. സച്ചിൻ ബേബി (77), രോഹൻ പ്രേം (77) എന്നിവർ കേരളത്തിനായി ടോപ്പ് സ്കോറർമാരായപ്പോൾ ക്യാപ്റ്റൻ സഞ്ജു സാംസൺ (46), രോഹൻ കുന്നുമ്മൽ (31) എന്നിവരും തിളങ്ങി. രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗിനിറങ്ങിയ ഛത്തീസ്ഗഡിന് രണ്ട് വിക്കറ്റ് നഷ്ടമായിക്കഴിഞ്ഞു.
പൊന്നം രാഹുലും (24) രോഹനും ചേർന്ന് കേരളത്തിന് മികച്ച തുടക്കം നൽകി. ഇരുവരും പുറത്തായതിനു പിന്നാലെ മൂന്നാം വിക്കറ്റിൽ ക്രീസിൽ ഒത്തുചേർന്ന രോഹൻ പ്രേമും സച്ചിൻ ബേബിയും ചേർന്ന് കേരളത്തിന് കളിയിൽ നിയന്ത്രണം നൽകി. 123 റൺസിൻ്റെ തകർപ്പൻ കൂട്ടുകെട്ടിലാണ് സഖ്യം പങ്കായത്. ഇതിനിടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 5000 റൺസ് തികയ്ക്കുന്ന ആദ്യ കേരള താരം എന്ന റെക്കോർഡും രോഹൻ പ്രേം സ്ഥാപിച്ചു. രോഹനും സച്ചിനും പുറത്തായതോടെ കേരളത്തിന് തുടരെ വിക്കറ്റുകൾ നഷ്ടമായി. ഇതിനിടെ ഏകദിന ശൈലിയിൽ തകർത്തടിച്ച സഞ്ജുവിൻ്റെ ഇന്നിംഗ്സ് കേരളത്തെ 300 കടത്തുകയായിരുന്നു.
രണ്ടാം ഇന്നിംഗ്സിൽ ഛത്തീസ്ഗഡിന് അക്കൗണ്ട് തുറക്കും മുൻപ് രണ്ട് വിക്കറ്റ് നഷ്ടമായി. ജലജ് സക്സേനയും വൈശാഖ് ചന്ദ്രനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. അവസാനം വിവരം കിട്ടുമ്പോൾ ഛത്തീസ്ഗഡ് 2 വിക്കറ്റ് നഷ്ടത്തിൽ 10 റൺസ് നേടിയിട്ടുണ്ട്.