ന്യൂഡൽഹി: ഇന്ത്യൻ മരുന്ന് നിർമ്മാണ കമ്പനി നിർമ്മിച്ച മരുന്ന് കഴിച്ച് 18 കുട്ടികൾ മരിച്ചെന്ന ആരോപണവുമായി ഉസ്ബെസ്ക്കിസ്ഥാൻ. നോയിഡ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന മാരിയോൺ ബയോടെക് നിർമ്മിച്ച മരുന്നാണ് മരണത്തിനിടയാക്കിയത്. ആരോപണം ഉയർന്നതിനു പിന്നാലെ കമ്പനി മരുന്നിന്റെ ഉത്പാദനം നിർത്തിവെച്ചു.
കുട്ടികളുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ കമ്പനി ഖേദം പ്രകടിപ്പിച്ചു. ചുമയ്ക്കുള്ള മരുന്ന് ഇന്ത്യയിൽ വിറ്റിട്ടില്ലെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ കേന്ദ്ര ഡ്രഗ്സ് സ്റ്റാന്റേർഡ് കൺട്രോൾ ഓർഗനേസേഷൻ അന്വേഷണം ആരംഭിച്ചതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
മാരിയോൺ ബയോടെക് നിർമ്മിച്ച ഡോക്-1 മാക്സ് സിറപ്പ് കഴിച്ച 21 കുട്ടികളിൽ 18 പേർ മരിച്ചെന്നാണ് ഉസ്ബെസ്ക്കിസ്ഥാൻ സ്ഥിരീകരിച്ചിരിക്കുന്നത്. ഒരു ബാച്ച് സിറപ്പ് പരിശോധിച്ചപ്പോൾ അതിൽ എതിലിൻ ഗ്ലൈക്കോൾ അടങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. ഉസ്ബെക്ക് സർക്കാരിനോട് കൂടുതൽ വിവരങ്ങൾ നൽകണമെന്ന് ഇന്ത്യയുടെ ഡ്രഗ് കൺട്രോൾ ജനറൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിനു മുമ്പ് രണ്ട് മുതൽ ഏഴ് ദിവസം വരെ കുട്ടികൾ സിറപ്പ് ഉപയോഗിച്ചിരുന്നു. കൂടാതെ ഒരു ദിവസം മൂന്ന് മുതൽ നാല് തവണ വരെയാണ് മരുന്ന് കഴിച്ചിരുന്നത്- ഉസ്ബെസ്ക്കിസ്ഥാൻ മന്ത്രാലയം ആരോപിച്ചു.
സംഭവത്തിൽ ഇരു സർക്കാരുകളും ഇടപെട്ടിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും കമ്പനിയുടെ അഭിഭാഷകൻ ഹസൻ ഹാരിസ് പറഞ്ഞു. തങ്ങൾ നടത്തിയ പരിശോധനയിൽ പിഴവുകളൊന്നും കണ്ടെത്തിയിട്ടില്ല. കഴിഞ്ഞ പത്ത് വർഷമായി തങ്ങളുടെ മരുന്ന് ഉസ്ബെസ്ക്കിസ്ഥാൻ ഉപയോഗിക്കുന്നുണ്ട്. നിലവിൽ മരുന്നിന്റെ ഉത്പാദനം നിർത്തിവെച്ചിട്ടുണ്ട്. സർക്കാരിന്റെ റിപ്പോർട്ട് വരുന്ന മുറയ്ക്ക് കൂടുതൽ പരിശോധന നടത്തുമെന്ന് ഹസൻ പറഞ്ഞു.