കോട്ടയം: ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്ന കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ നേഴ്‌സ് രശ്മി രാജേഷ് (33)മരിച്ചു. സംക്രാന്തിയിലെ മലപ്പുറം കുഴിമന്തി ഹോട്ടലിൽ നിന്നുമാണ് ഭക്ഷ്യവിഷബാധയേറ്റത്. ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച ഇരുപത്തിയൊന്നോളം പേർക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന രശ്മിയെ ആദ്യം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി ഐസിയുവിലും, പിന്നീട് വെന്റിലേറ്ററിലും പ്രവേശിപ്പിച്ചു. എന്നാൽ വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു. ഇരുപതിലധികം ആളുകൾക്ക് ഭക്ഷ്യവിഷബാധയേറ്റ സാഹചര്യത്തിൽ ഹോട്ടലിന്റെ ലൈസൻസ് സസ്‌പെന്റ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ മൂന്നു ദിവസത്തിന് ഇടയിലാണ് കോട്ടയം സംക്രാന്തിയിൽ പ്രവർത്തിക്കുന്ന മലപ്പുറം കുഴിമന്തിയിൽ നിന്നും ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റത്. കോട്ടയം മെഡിക്കൽ കോളേജിലും, കിംസ്, കാരിത്താസ് ആശുപത്രിയിലുമായാണ് ഇവരെ പ്രവേശിപ്പിച്ചിരിക്കുന്നത്.
വയറിളക്കവും, ഛർദിയും അടക്കമുള്ള അസ്വസ്ഥതകൾ പിടിപെട്ടാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ആശുപത്രി അധികൃതർ വിവരം അറിയിച്ചതോടെയാണ് ഭക്ഷ്യസുരക്ഷാ വിഭാഗം നടപടിയെടുക്കുകയായിരുന്നു.