കല്യാണത്തിന് പങ്കെടുക്കാനെത്തിയ 20കാരിയുടെ മുടി മുറിച്ചു; ഓഡിറ്റോറിയത്തിലെ തിരക്കിനിടെ അജ്ഞാതന്‍റെ അക്രമം, ‘നഷ്ടപ്പെട്ടത് 20 സെന്‍റീമീറ്ററിലധികം’

പയ്യന്നൂർ: കല്യാണത്തിന് പങ്കെടുക്കാനെത്തിയ പെണ്‍കുട്ടിയുടെ മുടി മുറിച്ചതായി പരാതി. ഓഡിറ്റോറിയത്തിലെത്തിയ കരിവെള്ളൂര്‍ സ്വദേശിയായ 20കാരിയുടെ മുടിയാണ് മുറിച്ചത്. പയ്യന്നൂര്‍ പോലീസ് സ്‌റ്റേഷൻ പരിധിയിലെ കരിവെള്ളൂരിലെ വിവാഹ ഓഡിറ്റോറിയത്തിലെ തിരക്കിനിടെയാണ് സംഭവം.

തന്‍റെ തലമുടി അഞ്ജാതൻ മുറിച്ചു മാറ്റിയതായി വിവാഹ ചടങ്ങില്‍ പങ്കെടുത്ത് വീട്ടിലെത്തിയപ്പോഴാണ് പെണ്‍കുട്ടി അറിഞ്ഞത്. 20 സെന്‍റീമീറ്ററിലധികം മുടി നഷ്ടമായിട്ടുണ്ട്. ശനിയാഴ്ച്ച കരിവെള്ളൂർ ആണുരിലെ ഓഡിറ്റോറിയത്തിലാണ് സംഭവം നടന്നത്. വിവാഹ ചടങ്ങുകൾ കഴിഞ്ഞ് ഭക്ഷണശാലയിലേക്ക് കടക്കാൻ നല്ല തിരക്ക് അനുഭവപ്പെട്ടിരുന്നു.

തിരക്കിനിടെയിൽ പെൺകുട്ടിയുടെ മുടിയാരോ പുറകിൽ നിന്നും കത്രിക കൊണ്ടു മുറിച്ചു മാറ്റുകയായിരുന്നു. മുടി മുറിച്ചു മാറ്റപ്പെട്ടതിന്‍റെ സങ്കടത്തിൽ യുവതി വീട്ടിൽ നിന്നും പിതാവിനൊപ്പം വീണ്ടും ഓഡിറ്റോറിയത്തിലെത്തി കാര്യങ്ങൾ അന്വേഷിച്ചപ്പോൾ ഭക്ഷണശാല അരികെ മുറിച്ചിട്ട മുടി വീണു കിടക്കുന്നത് കണ്ടെത്തി. മുടി മാഫിയയെക്കെുറിച്ച് പോലീസ് ഗൗരവത്തോടെ അന്വേഷിക്കണമെന്ന് രക്ഷിതാവ് ആവശ്യപ്പെട്ടതായി മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

എന്നാൽ ഓഡിറ്റോറിയത്തിലെ സി.സി.ടി.വി. ക്യാമറയുടെ അറ്റകുറ്റ പണി നടക്കുന്നതിനാൽ ദൃശ്യങ്ങൾ ലഭ്യമല്ലെന്നാണ് ഓഡിറ്റോറിയം ഉടമകൾ അറിയിച്ചത്. ഇതേതുടർന്ന്, യുവതി പയ്യന്നൂർ പോലീസിൽ പരാതി നൽകി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സാമുഹ്യ വിരുദ്ധരാണ് അക്രമത്തിന് പിന്നിലെന്നാണ് പോലിസ് സംശയിക്കുന്നത്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp