അഞ്ചു വയസുകാരന് കൃത്രിമ കാലിലൂടെ ഇനി നടക്കാം; മാതൃകയായി തൃശൂര്‍ മെഡിക്കല്‍ കോളജ്.

അപകടത്തിൽപ്പെട്ട് വലതുകാല്‍ നഷ്ടപ്പെട്ട പാലക്കാട് തൃത്താല സ്വദേശി അഞ്ചു വയസുകാരന് കൃത്രിമ കാലിലൂടെ ഇനി നടക്കാം. തൃത്താലയില്‍ വച്ച് റോഡ് മുറിച്ച് കടക്കുമ്പോള്‍ ഒരു വര്‍ഷം മുമ്പാണ് ലോറിയിടിച്ച് കുട്ടിയുടെ വലതുകാല്‍ നഷ്ടപ്പെട്ടത്. കുട്ടിക്ക് കൃത്രിമകാല്‍ വച്ച് നല്‍കി ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്ന ടീമിനെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. സര്‍ക്കാരിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി തികച്ചും സൗജന്യമായാണ് കൃത്രിമ കാല്‍ നിര്‍മ്മിച്ച് നല്‍കിയത്.

ഇടതുകാലിന്റെ തൊലിയും നഷ്ടപ്പെട്ടു. നീണ്ട നാളത്തെ ചികിത്സയ്ക്ക് ശേഷം കുട്ടി ജീവിതത്തിലേക്ക് തിരിച്ചു വന്നു. പക്ഷെ നടക്കാനുള്ള മോഹം സഫലമായില്ല. മൂന്ന് മാസങ്ങള്‍ക്ക് മുമ്പാണ് മുത്തച്ഛനും അച്ഛനുമൊപ്പം കുട്ടി തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിയത്.

കുട്ടിയുടെ ദയനീയാവസ്ഥ കണ്ട ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ കൃത്രിമ കാല്‍ വച്ചു പിടിപ്പിക്കുന്നതിന്റെ സാധ്യത ആരാഞ്ഞു. കൊച്ചു കുട്ടികള്‍ക്കായുള്ള കൃത്രിമ കാല്‍ നിര്‍മ്മിക്കാനാവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത എന്നത് ശ്രമകരമായ ദൗത്യമായിരുന്നു. ഇത്തരം കൃത്രിമകാല്‍ നിര്‍മ്മിച്ചതിന് ശേഷം കൊച്ചുകുട്ടികളെ അതില്‍ പരിശീലിപ്പിക്കുകയും അതിലേറെ ശ്രമകരമായിരുന്നു.

പ്രതിബന്ധങ്ങളെ തരണം ചെയ്ത് ഫിസിക്കല്‍ മെഡിസിന്‍ വിഭാഗത്തിലെ കൃത്രിമ കാല്‍ നിര്‍മ്മാണ യൂണിറ്റ് കുട്ടിയുടെ പാകത്തിനുള്ള കൃത്രിമ കാല്‍ നിര്‍മ്മിച്ചു. കുട്ടിക്ക് ആവശ്യമായ പരിശീലനം നല്‍കി. ജീവനക്കാരുടെ പിന്തുണയോടെ കുട്ടി നടന്നു. കൃത്രിമ കാലിന്റെ സഹായത്തോടെ നടന്ന കുട്ടിയ്ക്ക് ഡോക്ടര്‍മാരും ജീവനക്കാരും ചേര്‍ന്ന് സന്തോഷത്തോടെ യാത്രയയപ്പ് നല്‍കി.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp