ത്രിപുര ഉള്‍പ്പെടെ മൂന്ന് സംസ്ഥാനങ്ങള്‍ തെരഞ്ഞെടുപ്പിലേക്ക്; തീയതി പ്രഖ്യാപനം ഇന്ന്.

ത്രിപുര, മേഘാലയ, നാഗാലാന്റ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതികള്‍ ഇന്ന് പ്രഖ്യാപിക്കും. ഇന്നുച്ചയ്ക്ക് 2.30നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ വാര്‍ത്താ സമ്മേളനം. 60 അംഗങ്ങള്‍ വീതമുള്ള മൂന്ന് നിയമസഭകളുടെയും കാലാവധി മാര്‍ച്ചില്‍ അവസാനിക്കുന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാറിന്റെ നേതൃത്വത്തില്‍ ഈ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് സുരക്ഷാ ക്രമീകരണങ്ങളും തെരഞ്ഞെടുപ്പ് നടപടികളും അവലോകനം ചെയ്തിരുന്നു. ഇതിന് ശേഷമാണ് ഇന്ന് തീയതി പ്രഖ്യാപിക്കുന്നത്. നാല് ദിവസത്തെ സന്ദര്‍ശനത്തിനിടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രീയ പാര്‍ട്ടികളുമായും കൂടിക്കാഴ്ച നടത്തുകയും തെരഞ്ഞെടുപ്പ് നടത്തിപ്പില്‍ അഭിപ്രായം തേടുകയും ചെയ്തിരുന്നു.

തെരഞ്ഞെടുപ്പിലേക്കടുക്കുന്ന മൂന്ന് സംസ്ഥാനങ്ങളിലും നിലവില്‍ ബിജെപി സഖ്യമാണ് ഭരണം നടത്തുന്നത്. ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗത്തിന് ശേഷം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്.

ADVERTISEMENTസിപിഐഎമ്മും കോണ്‍ഗ്രസും ബിജെപിയെ നേരിടാന്‍ ഒരുമിച്ച് നില്‍ക്കുന്നതാണ് ത്രിപുരയിലെ ശ്രദ്ധേയ കാഴ്ച. സീറ്റ് ധാരണ ചര്‍ച്ചകളിലേക്ക് കടന്നപ്പോള്‍ തന്നെ സിപിഐഎം-കോണ്‍ഗ്രസ് സഹകരണത്തിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു.
ത്രിപുരയിലെ 60 സീറ്റുകളില്‍ 20ലും ഗോത്രവര്‍ഗക്കാര്‍ക്കാണ് ആധിപത്യം. 2018ലെ തെരഞ്ഞെടുപ്പില്‍ ബിജെപി 33 സീറ്റും ഇന്‍ഡിജിനസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുര (ഐപിഎഫ്ടി) 4 സീറ്റും സിപിഐഎം 15 സീറ്റും കോണ്‍ഗ്രസ് ഒരു സീറ്റും നേടി. ആറ് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. സംസ്ഥാനത്ത് 25 വര്‍ഷം ഭരിച്ച ഇടതുപക്ഷത്തെ അട്ടിമറിച്ചാണ് ബിജെപി അധികാരത്തിലെത്തുകയും ബിപ്ലബ് ദേബ് മുഖ്യമന്ത്രിയാകുകയും ചെയ്തത്. കഴിഞ്ഞ മേയില്‍ ബിജെപിയുടെ മണിക് സാഹ ത്രിപുരയില്‍ ഭരണത്തിലെത്തി. സംസ്ഥാനത്ത് ഐപിഎഫ്ടിയെ ഒപ്പം നിര്‍ത്താനാണ് ബിജെപി ശ്രമിക്കുന്നത്.

കോണ്‍ഗ്രസിന്റെയും മുന്‍പ് കോണ്‍ഗ്രസിനൊപ്പമുണ്ടായിരുന്ന പ്രദ്യുത് മാണിക്യ സ്ഥാപിച്ച ടിപ്ര മോത എന്ന പാര്‍ട്ടിയുടെയും പിന്തുണയുണ്ടെങ്കില്‍ ത്രിപുരയില്‍ ഭരണം നേടാമെന്നതാണ് സിപിഐഎമ്മിന്റെ കണക്കുകൂട്ടല്‍. ടിപ്ര മോത കൂടുതല്‍ സീറ്റുകള്‍ക്ക് അവകാശവാദം ഉന്നയിച്ചാല്‍ വിട്ടുവീഴ്ചയ്ക്കും തയ്യാറായേക്കും.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp