നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലൂടെ ശരീര കോശങ്ങളിലുള്ള പ്രോട്ടീൻ വിഘടിച്ചുണ്ടാകുന്ന പ്യൂരിനുകൾ ദഹിച്ചുണ്ടാകുന്നതാണ് യൂറിക് ആസിഡ്. രക്തത്തിൽ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണെങ്കിൽ പോലും ചില ആളുകളിൽ ഇത് പ്രശ്നം ഉണ്ടാകാറില്ല. എന്നാൽ ചിലർക്ക് ചെറിയ അളവിൽ കൂടിയാലും വേദനയും തളർച്ചയും അനുഭവപ്പെടാം.
ശരീരത്തിൽ സാധാരണ ഗതിയിൽ ഏകദേശം 3 മുതൽ 7ശതമാനം വരെയാണ് യൂറിക് ആസിഡ് കാണാറുള്ളത്. സ്ത്രീകളിൽ ഇത് പുരുഷന്മാരെക്കാൾ കുറവായിരിക്കണം. എന്നാൽ യൂറിക് ആസിഡ് 5,6 ശതമാനത്തിലെത്തുമ്പോൾ ഓരോ ലക്ഷണങ്ങൾ ശരീരത്തിൽ പ്രകടമായി തുടങ്ങും. 12 മുതൽ 24 മണിക്കൂർ വരെ നീണ്ടു നിൽക്കുന്ന അതികഠിനമായ വേദനയും നീർക്കെട്ട്, വിരൽ അനക്കാൻ പറ്റാത്ത അവസ്ഥ എന്നിവയും ഉണ്ടാകുന്നു. ഈ വേദന പലപ്പോഴും മൂന്ന് മുതൽ നാലാഴ്ച വരെ തുടരാം. കാലിന്റെ പെരുവിരലിലാണ് ആദ്യം ഇതുണ്ടാകുന്നതെങ്കിലും പിന്നീട് കാലിന്റെ ഉപ്പൂറ്റി, കൈത്തണ്ട, വിരലുകൾ എന്നിവയിലേക്കും ആ വേദന വ്യാപിക്കാം,
ചില ആളുകളിൽ വേദനയോ മറ്റു പ്രശ്നങ്ങളോ ഉണ്ടാകാറില്ല. ഇത്തരം ആളുകൾക്ക് ചികിത്സ ആവശ്യമില്ല. എന്നാൽ ഇവർക്ക് ഗൗട്ട് വരാനുള്ള സാധ്യത കൂടുതലാണ്. പെരുവിരലിന്റെ ചുവട്ടിൽ തുടരെത്തുടരെ സൂചികൊണ്ട് കുത്തുന്ന പോലെയും വേദനയും മരവിപ്പും അനുഭവപ്പെടുന്നതാണ് ഗൗട്ടിന്റെ പ്രാരംഭ ലക്ഷണം. എന്നാൽ ഉയർന്ന അളവിൽ യൂറിക് ആസിഡ് ഉണ്ടായാൽ അത് ഹൃദ്രോഗത്തിനും രക്തസമ്മർദത്തിനും കാരണമാകാം.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
📍യൂറിക് ആസിഡ് നിയന്ത്രിക്കാൻ ചെറി പഴങ്ങൾ കഴിക്കുന്നത് വളരെ നന്നായിരിക്കും.
📍ശരീരത്തിലെ മിക്ക പ്രശ്നങ്ങൾക്കും വെള്ളം ഒരു മരുന്നാണ്. ശരീരത്തിലെ യൂറിക് ആസിഡിന്റെ അളവ് നിയന്ത്രിക്കാൻ ദിവസം 2-3 ലിറ്റർവെള്ളം കുടിക്കുക. അതിലൂടെ യൂറിക് ആസിഡ് വൃക്കയിൽ നിന്നും മൂത്രമായി പുറത്തു പോകും.
📍യൂറിക് ആസിഡ് കുറയ്ക്കാൻ ശരീരഭാരം നിയന്ത്രിക്കുന്നത് നന്നായിരിക്കും. പട്ടിണി കിടന്നാൽ യൂറിക് ആസിഡ് വർദ്ധിക്കും.
📍ദിവസവും നടക്കുകയോ വ്യായാമം ചെയ്യുകയോ ചെയ്യുന്നത് വളരെ നല്ല ഒരു മാർഗമാണ്
📍മദ്യം,ബ്രഡ്,കേക്ക് ഇവ പ്രധാനമായും ഒഴിവാക്കണം
📍മാംസം,കൊഴുപ്പ് കൂടിയ ഭക്ഷണങ്ങൾ,കരൾ,കോള,മത്സ്യങ്ങളിൽ ചാള,അയല,ചൂര,കണവ,കൊഞ്ച്,കക്ക തുടങ്ങിയവയും പച്ചക്കറികളിൽ വഴുതനങ്ങ,മഷ്റൂം,കോളിഫ്ലവർ മുതലായവയും ഒഴിവാക്കുക.
📍കൈതച്ചക്ക,മുസംബി,വാഴപ്പഴം,ഞാവൽ പഴം,കറുത്ത ചെറി,ഇഞ്ചി,തക്കാളി,ചുവന്ന ക്യാബേജ്, നാരങ്ങ, റാഗി, തുടങ്ങിയ നാരുകളടങ്ങിയ ഭക്ഷണം കഴിക്കുന്നത് യൂറിക് ആസിഡ് കുറയ്ക്കാൻ സഹായിക്കുന്നു.