വൈദ്യുതി ചാര്‍ജ് വര്‍ധന ഇന്ന് മുതല്‍ പ്രാബല്യത്തില്‍; യൂണിറ്റിന് 9 പൈസ കൂട്ടി

സംസ്ഥാനത്ത് ഇന്നു മുതല്‍ വൈദ്യുതി ചാര്‍ജ്ജ് വര്‍ധന പ്രാബല്യത്തില്‍ വരും. യൂണിറ്റിന് 9 പൈസയാണ് വര്‍ധിക്കുക. ഇന്ധന സര്‍ചാര്‍ജ്ജ് ഈടാക്കാന്‍ കെഎസ്ഇബിക്ക് സംസ്ഥാന വൈദ്യുത റഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കിയതിനെ തുടര്‍ന്നാണിത്. മെയ് 31 വരെ നാലുമാസ കാലത്തേക്കാണ് വര്‍ധന.

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ ഒന്നു മുതല്‍ ജൂണ്‍ 30 വരെ കെഎസ്ഇബി പുറത്തു നിന്ന് വൈദ്യുതി വാങ്ങിയതില്‍ റെഗുലേറ്ററി കമ്മീഷന്‍ അനുവദിച്ചതിനേക്കാള്‍ 87 കോടി രൂപ അധികമായി ചെലവായി. ഇതിനാണ് നിരക്കില്‍ യൂണിറ്റിന് 9 പൈസ വര്‍ധിപ്പിക്കാന്‍ കമ്മിഷന്‍ അനുമതി നല്‍കിയത്.

ആയിരം വാട്സ് വരെ കണക്റ്റഡ് ലോഡ് ഉള്ളതും പ്രതിമാസം 40 യൂണിറ്റില്‍ കവിയാതെ ഉപഭോഗം ഉള്ളതുമായ ഗാര്‍ഹിക ഉപഭോക്താക്കളെ ഇന്ധന സര്‍ചാര്‍ജില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. രാജ്യത്ത് നിലനിന്ന കല്‍ക്കരി ക്ഷാമം മൂലം വൈദ്യുതി ഉല്‍പ്പാദന രംഗത്ത് ഉണ്ടായ പ്രതിസന്ധിയാണ് കേരളത്തെയും ബാധിച്ചത്. താപവൈദ്യുത നിലയങ്ങളെല്ലാം ഇപ്പോഴും ഇറക്കുമതി ചെയ്ത കല്‍ക്കരി ഉപയോഗിക്കുന്നതിനാല്‍ മേയ് കഴിഞ്ഞും നിരക്കില്‍ വര്‍ധനയുണ്ടാകും.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp