മീന്‍ കറിയില്‍ കഷണത്തിന് വലിപ്പമില്ല, കറിയില്‍ ചാറ് കുറവ്; കഴിച്ചിറങ്ങി തിരിച്ചുവന്ന് സപ്ലയറെ കരിങ്കല്ലുകൊണ്ട് ഇടിച്ചുവീഴ്ത്തി

കോട്ടയം: ഹോട്ടലില്‍ ഊണിനൊപ്പം നല്‍കിയ മീന്‍കറിയില്‍ കഷണത്തിന് വലിപ്പം കുറഞ്ഞെന്ന് പറഞ്ഞ് ഹോട്ടല്‍ ജീവനക്കാരന് മര്‍ദനം. സംഭവത്തില്‍ കൊല്ലം സ്വദേശികളായ ആറ് യുവാക്കള്‍ അറസ്റ്റില്‍. പൊന്‍കുന്നം ഇളംകുളത്തുള്ള ഹോട്ടല്‍ ജീവനക്കാരന്‍ മധുകുമാറിനാണ് ആക്രമണത്തില്‍ പരിക്കേറ്റത്.

കൊല്ലം സ്വദേശികളായ നെടുമണ്‍ കടുക്കോട് കുരുണ്ടിവിളവീട്ടില്‍ പ്രദീഷ് മോഹന്‍ദാസ് (35), നെടുപന കളയ്ക്കല്‍കിഴക്കേതില്‍ വീട്ടില്‍ എസ്. സഞ്ജു (23), നെടുപന മനുഭവന്‍ വീട്ടില്‍ മഹേഷ് ലാല്‍ (24), നെടുപന ശ്രീരാഗംവീട്ടില്‍ അഭിഷേക് (23), നല്ലിള മാവിള വീട്ടില്‍ അഭയ് രാജ് (23), നല്ലിള അതുല്‍മന്ദിരം വീട്ടില്‍ അമല്‍ ജെ.കുമാര്‍ (23) എന്നിവരെയാണ് പൊന്‍കുന്നം ഇന്‍സ്‌പെക്ടര്‍ എന്‍. രാജേഷ് അറസ്റ്റ് ചെയ്തത്. മീന്‍ കഷണത്തിന് വലിപ്പം കുറഞ്ഞെന്ന് പറഞ്ഞ് പ്രതികള്‍ ഹോട്ടല്‍ ജീവനക്കാരനെ മര്‍ദിക്കുകയും കരിങ്കല്ലുകൊണ്ട് ഇടിച്ചു വീഴത്തുകയും ചെയ്തു.

ഉച്ചയോടെ പ്രതികള്‍ ഭക്ഷണം കഴിച്ച് പുറത്തിറങ്ങിയിരുന്നു. പിന്നീട് തിരിച്ചെത്തി ഊണിന് കറിയായി നല്‍കിയ മീനിന്റെ വലിപ്പം കുറവാണെന്നും ചാറ് കുറഞ്ഞുപോയെന്നും പറഞ്ഞ് മധുകുമാറിനെ ചീത്ത വിളിക്കുകയും മര്‍ദിക്കുകയുമായിരുന്നു. ഈ ഹോട്ടലില്‍ മധുകുമാര്‍ സപ്ലയറായാണ് ജോലി ചെയ്യുന്നത്.

സംഘര്‍ഷത്തിനിടെ പ്രതികള്‍ മധുകുമാറിനെ കരിങ്കല്ലുകൊണ്ട് ഇടിച്ചുവീഴ്ത്തി. സംഭവത്തെ തുടര്‍ന്ന് രക്ഷപെട്ട പ്രതികളെ ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പിടികൂടുകയായിരുന്നു. ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp