കേരളത്തിലേക്ക് ലഹരിമരുന്ന് കടത്തിയ നൈജീരിയൻ പൗരൻ പിടിയിൽ. ചാൾസ് ഡുഫോൾഡിലിനെയാണ് കോഴിക്കോട് നടക്കാവ് പൊലീസ് ബെംഗളൂരുവിൽ നിന്ന് പിടികൂടിയത്. 55 ഗ്രാം എംഡിഎംഎയും ഇയാളിൽ നിന്ന് പിടിച്ചെടുത്തു. ലഹരി കടത്ത് സംഘത്തിലെ പ്രധാന കണ്ണിയാണ് ചാൾസ്. ഇതിന് മുൻപ് ഘാന സ്വദേശിയെയും നടക്കാവ് പൊലീസ് പിടികൂടിയിരുന്നു.
കോഴിക്കോട് നഗരത്തിൽ നിന്ന് എം ഡി എം എ യുമായി പിടിയിലായവരുടെ ഉറവിടം തേടിയുള്ള അന്വേഷണമാണ് വിദേശ പൗരനിലെത്തിയത്. 2019 മുതൽ ബെംഗളൂരുവിൽ താമസമാക്കിയതാണ് ചാൾസ്. കേരളത്തിലേക്ക് ഉൾപ്പടെ ലഹരി കടത്തുന്ന പ്രധാനികളിലൊരുവനാണ് ചാൾസെന്ന് നടക്കാവ് പൊലീസ് പറയുന്നു. 400 ഗ്രാം എംഡിഎംഎയുമായി കർണാടക പൊലീസ് പിടികൂടിയതിനെ തുടർന്ന് നാലു മാസം തടവിൽ കിടന്ന ശേഷമാണ് ചാൾസ് പുറത്തിറങ്ങി വീണ്ടും ലഹരി വ്യാപാരം തുടങ്ങിയത്.
ബെംഗളൂരുവിൽ വാഹനത്തിലെത്തി ലഹരി വിൽക്കാനുളള ശ്രമത്തിനിടയിലാണ് ചാൾസ് നടക്കാവ് പൊലീസിൻ്റെ പിടിയിലാകുന്നത്. കഴിഞ്ഞ നവംബറിൽ കോഴിക്കോട് കെ.എസ്.ആർ.ടി സി.ബസ് സ്റ്റാൻ്റിൽ വെച്ച് എം ഡി എം എ പിടിച്ച കേസിൻ്റെ ഉറവിടം തേടിയാണ് നടക്കാവ് പൊലീസ് ബെംഗളൂരുവിലെത്തിയത്. ഘാന സ്വദേശിയും നാല് മലയാളികളും ഉൾപ്പടെ അഞ്ചു പേർ നേരത്തെ പിടിയിലായിരുന്നു.
ഏകദേശം ഒരു മാസത്തിന് മുമ്പ് ഡെൽഹിയിലെ ആഫ്രിക്കൻ കോളനിയിൽ നിന്ന് വിക്ടർ എന്ന നൈജീരിയൻ പൗരനെയും പൊലീസ് പിടികൂടിയിരുന്നു. ‘കെൻ’ എന്ന പേരിൽ കുപ്രസിദ്ധനായ ലഹരിശൃംഖലത്തലവനായിരുന്നു അന്ന് അറസ്റ്റിലായത്. ഡൽഹിയിലെ നൈജീരിയൻ കോളനിയിൽ നിന്നു തൃശൂർ സിറ്റി ലഹരിവിരുദ്ധ സ്ക്വാഡ് ആണ് എബൂക്ക വിക്ടർ അനയോയെ (27) പിടികൂടിയത്.
ഡൽഹിയിൽ നിന്ന് പിടികൂടിയ പ്രതിയെ 2 ദിവസം തിഹാർ ജയിലിൽ പാർപ്പിച്ച ശേഷമാണ് തൃശൂരിലെത്തിച്ചു റിമാൻഡ് ചെയ്തത്. 2022 മെയ് 13 ന് തൃശൂർ മണ്ണുത്തിയിൽ നടത്തിയ വാഹന പരിശോധനക്കിടെയാണ് ചാവക്കാട് സ്വദേശിയായ ബുർഹാനുദ്ദീൻ എന്ന പയ്യനിൽ നിന്നും 197 ഗ്രാം എം ഡി എം എ പിടികൂടുന്നത്. ബുർഹാനുദ്ദീനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സുഡാൻ സ്വദേശി മുഹമ്മദ് ബാബിക്കർ അലിയെക്കുറിച്ചുള്ള നിർണായക വിവരം ലഭിച്ചത്. ഈ അന്വേഷണമായിരുന്നു ഡെൽഹിയിലെ ആഫ്രിക്കൻ കോളനിയിലുള്ള വിക്ടർ എന്ന നൈജീരിയൻ പൗരനിലേക്കെത്തിയത്