തിയറ്ററുകൾ പൂരപ്പറമ്പാക്കി ആടുതോമയുടെ രണ്ടാം വരവ്! ആവേശ തിമിർപ്പിൽ പ്രേക്ഷകർ

‘എത്ര കണ്ടാലും എത്ര കേട്ടാലും മതിവരില്ല, വീഞ്ഞുപോലെ വീര്യം കൂടുന്ന അനുഭവമാണ് ഞങ്ങൾക്ക് തോമാച്ചായൻ….’. സ്ഫടികം 4കെ പതിപ്പ് കണ്ട് തിയറ്ററുകളിൽ നിന്നിറങ്ങുന്നവർക്ക് സിനിമയെ കുറിച്ച് പറയാൻ നൂറ് നാവാണ്. ‘ഇത് മലയാള സിനിമയിൽ തന്നെ ഒരു പുതിയ പ്രവണതയാണ്, പുതിയ തലമുറ ഇതേറ്റെടുക്കും, ഇനിയും ഒട്ടേറെ ഹിറ്റ് സിനിമകളുടെ റീറിലീസുണ്ടാവും’-തിയറ്ററുകളിൽ നിന്നിറങ്ങിയ പ്രേക്ഷകർ പറഞ്ഞതിങ്ങനെ.

28 വർഷങ്ങൾക്ക് ശേഷം ‘സ്ഫടിക’ത്തിൻറെ ഡിജിറ്റൽ പതിപ്പെത്തിയത് ആഘോഷമാക്കിയിരിക്കുകയാണ് സിനിമാ പ്രേമികൾ. പഴയ തലമുറയും പുതിയ തലമുറയും ഒരുപോലെ സിനിമ തിയേറ്ററുകളിലേക്ക് എത്തിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് ഓരോ തിയറ്ററുകളിലും. ഓൾഡ് ഈസ് ഗോൾഡ് എന്ന് അക്ഷരം തെറ്റാതെ വിളിക്കാൻ പറ്റിയ സിനിമയാണിതെന്ന് സിനിമാപ്രേമികളുടെ ഭാഷ്യം.

തിലകൻ, മോഹൻലാൽ, കെപിഎസി ലളിത, ഉർവശി, നെടുമുടി വേണു, എൻഎഫ് വർഗ്ഗീസ്, സ്ഫടികം ജോർജ്ജ് തുടങ്ങി നിരവധി താരങ്ങളുടെ കരിയർ ബെസ്റ്റ് പ്രകടനം തന്നെയാണ് സ്ഫടികത്തിലുള്ളത്. ആ അഭിനയ മുഹൂർത്തങ്ങൾ ബിഗ് സ്‌ക്രീനിൽ ഏറെ മിഴിവോടെ കാണാൻ കഴിഞ്ഞതിന് സംവിധായകൻ ഭദ്രനോട് കടപ്പെട്ടിരിക്കുന്നുവെന്നാണ് തിയേറ്ററിൽ നിന്നിറങ്ങവേ പലരും പറയുകയുണ്ടായത്.

4കെ ഡോൾബി അറ്റ്‌മോസ് ദൃശ്യശ്രവ്യ ചാരുതയോടെ ‘സ്ഫടികം’ കേരളത്തിൽ 150-ൽ പരം തിയേറ്ററുകളിലും ലോകമെമ്പാടും 500-ൽ പരം തിയേറ്ററുകളിലുമാണെത്തിയിരിക്കുന്നത്. പുലർച്ചെ ആറിനുള്ള ഫാൻസ് ഷോയ്ക്കും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. സംവിധായകൻ ഭദ്രനും സുഹൃത്തുക്കളും ചേർന്ന് രൂപീകരിച്ച ജ്യോമെട്രിക്‌സ് എന്ന പുതിയ കമ്പനി വഴിയാണ് സ്ഫടികം സിനിമ റീറിലീസ് ചെയ്തിരിക്കുന്നത്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp