സംസ്ഥാനത്തെ ഹോട്ടൽ ജീവനക്കാർക്ക് നാളെ മുതൽ ഹെൽത്ത് കാർഡ് നിർബന്ധം.

സംസ്ഥാനത്തെ ഹോട്ടലുകൾ, റസ്റ്ററന്റുകൾ, ബേക്കറികൾ എന്നിവിടങ്ങളിലെ ജീവനക്കാർക്കു നാളെ മുതൽ ഹെൽത്ത് കാർഡ് നിർബന്ധം. സർക്കാർ നൽകിയ അധിക സമയം ഇന്നവസാനിക്കും. ഹെൽത്ത് കാർഡ് ഇല്ലാത്ത സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കും. നാളെ മുതൽ കർശന പരിശോധന ഉണ്ടാകും. ജീവനക്കാർക്ക് ഹെൽത്ത് കാർഡിനായി രണ്ടു തവണ സമയം നീട്ടിനൽകിയിരുന്നു.

സംസ്ഥാനത്ത് ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വില്‍പന നടത്തുന്നതുമായ എല്ലാ സ്ഥാപനങ്ങളിലേയും ഭക്ഷ്യ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാരും ഹെല്‍ത്ത് കാര്‍ഡ് എടുക്കേണ്ടതാണ്. രജിസ്റ്റേഡ് മെഡിക്കല്‍ പ്രാക്ടീഷണറുടെ നിശ്ചിത മാതൃകയിലുള്ള സര്‍ട്ടിഫിക്കറ്റാണ് ആവശ്യം. ഡോക്ടറുടെ നിര്‍ദേശ പ്രകാരം ശാരീരിക പരിശോധന, കാഴ്ചശക്തി പരിശോധന, ത്വക്ക് രോഗങ്ങള്‍, വൃണം, മുറിവ് എന്നിവയുണ്ടോയെന്ന പരിശോധന, വാക്‌സിനുകളെടുത്തിട്ടുണ്ടോ എന്ന പരിശാധന, പകര്‍ച്ചവ്യാധികളുണ്ടോ എന്നറിയുന്നതിനുള്ള രക്തപരിശോധന ഉള്‍പ്പെടെയുള്ള പരിശോധനകള്‍ നടത്തണം.

സര്‍ട്ടിഫിക്കറ്റില്‍ ഡോക്ടറുടെ ഒപ്പും സീലും ഉണ്ടായിരിക്കണം. ഒരു വര്‍ഷമാണ് ഈ ഹെല്‍ത്ത് കാര്‍ഡിന്റെ കാലാവധി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ ശുചിത്വവും ഹെല്‍ത്ത് കാര്‍ഡും പരിശോധിക്കുന്നതാണ്. സ്ഥാപനങ്ങള്‍ കൂടാതെ മാര്‍ക്കറ്റുകള്‍ ചെക്ക് പോസ്റ്റുകള്‍ എന്നിവിടങ്ങളിലും പൊതുജനങ്ങളുടെ പരാതി അനുസരിച്ചും അപ്രതീക്ഷിത പരിശോധനകള്‍ നടത്തുന്നതാണ്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp