കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമ നമ്മുടെ മനസ്സിൽ ഇടംപിടിച്ചിട്ട് നാളുകളായി. ആ സിനിമ പ്രേക്ഷകർക്ക് സമ്മാനിച്ചത് പകരം വെക്കാനില്ലാത്ത അനുഭൂതിയാണ്. മാത്രവുമല്ല നമുക്ക് പരിചയപ്പെടുത്തിയത് കുമ്പളങ്ങി എന്ന ചെറിയ തീരപ്രദേശ ഗ്രാമത്തെയും കവര്‍ എന്നെ പ്രതിഭാസത്തെയുമാണ്. ആ സിനിമയിൽ ഒരു രംഗമുണ്ട്. നീലനിറത്തിൽ തിളങ്ങുന്ന കായലിലൂടെ തോണി തുഴഞ്ഞുപോകുന്ന ബോണിയും നൈലയും, സിനിമയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട രംഗമായിരുന്നു അത്. അതോടെ ഏറെ ചർച്ചയായ വിഷമയായിരുന്നു കൊച്ചിയിലെ കായലിൽ പൂക്കുന്ന കവര്‍. വീണ്ടും ഒരു കവര്‍ കാലം എത്തിയിരിക്കുകയാണ്. നിരവധി സഞ്ചാരികളാണ് കവര്‍ കാണാനായി കുമ്പളങ്ങിയിലേക്കെത്തുന്നത്.
സീ സ്പാർക്കിൾ അഥവാ ബയോലുമിനെസെൻസ് എന്നറിയപ്പെടുന്ന പ്രകൃതി പ്രതിഭാസമാണ് ഇത്. പ്രാദേശിക ഭാഷയിൽ ‘കവരു’ എന്ന് വിളിക്കപ്പെടുന്ന, ഈ പ്രതിഭാസം, കുമ്പളങ്ങിയിലെ കായലിൽ വീണ്ടും പ്രത്യക്ഷപ്പെട്ടതോടെയാണ് ഇങ്ങോട്ടേക്ക് സഞ്ചാരികളുടെ ഒഴുക്ക്. ഈ നീല വെളിച്ചം കണ്ടാസ്വദിക്കാന്‍ ഒട്ടേറെപ്പേര്‍ എത്തുന്നുണ്ട്. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ കൊച്ചിയില്‍ കടലിനോട് ചേർന്നുള്ള കായല്‍ ഭാഗങ്ങളില്‍ ഈ തിളക്കം കാണാം. നിലാവുള്ള രാത്രികളിൽ ഈ കാഴ്ച കൂടുതൽ ആകർഷകമാണ്.
കുമ്പളങ്ങി, കുളക്കടവ്,കല്ലഞ്ചേരി, ആഞ്ഞിലിത്തറ, അട്ടത്തടം എന്നിവിടങ്ങളിലാണ് ഇത് സാധാരണയായി കാണുന്നത്. ചില ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഈ കാഴ്ച കൂടുതൽ ആകർഷകമായിരിക്കും. കണ്ടാസ്വദിക്കാന്‍ അടിപൊളിയാണെങ്കിലും മൽസ്യത്തൊഴിലാളികൾക്ക് ഈ കാഴ്ച അത്ര പ്രിയപ്പെട്ടതല്ല. കായലുകളില്‍ നീലവെളിച്ചം പ്രത്യക്ഷപ്പെടുമ്പോള്‍ ഈ ഭാഗങ്ങളില്‍ നിന്നു മീനുകള്‍ മറ്റു ഭാഗങ്ങളിലേക്ക് പോകും. അതിനാല്‍ ഇത്തരം സമയങ്ങളില്‍ വലയില്‍ മീന്‍ കുടുങ്ങുന്നത് കുറവാണ്. ബാക്ടീരിയ, ഫംഗസ്, ആൽഗകൾ തുടങ്ങിയ സൂക്ഷ്മജീവികളാണ് ബയോല്യൂമിനസെന്‍സ് എന്ന ഈ പ്രകൃതി പ്രതിഭാസത്തിന് പിന്നില്‍.