സൂര്യാതപമേറ്റാല്‍ എന്തുചെയ്യണം? പ്രതിരോധിക്കേണ്ടത് എങ്ങനെ?

വര്‍ധിച്ചുവരുന്ന ചൂടിനെ പ്രതിരോധിക്കാനുള്ള തത്രപ്പാടിലാണ് കേരളം. കൊടുംചൂട് ദിനംപ്രതി കൂടി വരുന്നതിനിടെ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങളും അധികൃതര്‍ പുറത്തിറക്കിക്കഴിഞ്ഞു. ഇന്ന് പാലക്കാട് ബസ് കാത്തുനില്‍ക്കുമ്പോഴാണ് കൂടല്ലൂര്‍ സ്വദേശി നിഖിലിന് സൂര്യാതപമേറ്റത്. എന്താണ് സൂര്യാതപം? സൂര്യാതപമേറ്റാല്‍ എങ്ങനെയാണ് പ്രതിരോധിക്കേണ്ടത്? എന്തൊക്കെ മുന്‍കരുതലുകളാണ് സ്വീകരിക്കേണ്ടത് എന്ന് പരിശോധിക്കാം.

സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് രശ്മികള്‍ അല്ലെങ്കില്‍ സണ്‍ലാമ്പ് അല്ലെങ്കില്‍ അതിതീവ്രമായ സൂര്യരശ്മി ശരീരത്തില്‍ ഏല്‍ക്കുമ്പോള്‍ പൊള്ളലോ സമാനമായ നീറ്റലോ ഉണ്ടാകുന്നതാണ് സൂര്യാതപം. സൂര്യാതപത്തിന്റെ വ്യാപ്തി അതിന്റെ തീവ്രതയെയും ഏല്‍ക്കുന്ന വ്യക്തിയുടെ ചര്‍മവും ആശ്രയിച്ചിരിക്കും.

തൊലിപ്പുറത്ത് നീറ്റലോടുകൂടിയ കുമിളകള്‍ രൂപപ്പെടുക, ത്വക്കിന്റെ നിറം പിങ്ക് കലര്‍ച്ച ചുവപ്പ് നിറത്തിലേക്ക് മാറുക, പൊള്ളലിനൊപ്പം തൊലിയിളകുക എന്നിവ സൂര്യാതപമേറ്റാല്‍ ശരീരത്തില്‍ പ്രകടമാകും. കഠിനമായ സൂര്യാതപത്തിന്റെ ലക്ഷണങ്ങള്‍ ശരീരം മുഴുവന്‍ ബാധിക്കും.

പനി, കുളിര്, കഠിനമായ തലവേദന, ഓക്കാനം, ഛര്‍ദി, തുടങ്ങിയവ ഇതിന്റെ ഭാഗമായി വരാം.
ഇവയോടൊപ്പം രക്തസമ്മര്‍ദനം കുറയുക, പള്‍സിലുള്ള വ്യത്യാസം, തളര്‍ച്ചയും തലകറക്കവും, ബലഹീനത, ശരീരവേദന, ശ്വസനത്തിലെ ബുദ്ധിമുട്ട്, ഭ്രമാത്മകത തുടങ്ങിയവയും ഉണ്ടാകാം. ഇത്തരം ഘട്ടങ്ങളില്‍ വൈദ്യസഹായം എത്രയും വേഗം ലഭിക്കുന്നുവെന്ന് ഉറപ്പ് വരുത്തുക.

*സൂര്യാതപമേറ്റാല്‍ എന്ത് ചെയ്യണം?

സൂര്യാതപമേല്‍ക്കുന്ന വ്യക്തിയെ ഉടന്‍ തന്നെ തണലിലേക്ക് മാറ്റുക

വസ്ത്രങ്ങള്‍ മാറ്റുക

തണുത്ത വെള്ളം കൊണ്ട് ശരീരം തുടയ്ക്കുക

കാറ്റ് കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കുക

വൈദ്യസഹായം നേടുക

*സൂര്യാതപമേല്‍ക്കാതിരിക്കാന്‍

ധാരാളം വെള്ളം കുടിക്കുക, സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കാതിരിക്കുക, നിര്‍ജലീകരണം ഒഴിവാക്കുക

ചായ, കാപ്പി, മദ്യം, ബിയര്‍ തുടങ്ങിയ ഒഴിവാക്കുക, പകരം പഴങ്ങളും പച്ചക്കറികളുംധാരാളം കഴിക്കുക

രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് വരെ നേരിട്ട് കഠിനമായ സൂര്യപ്രകാശം ഏല്‍ക്കാതിരിക്കുക

പോളിസ്റ്ററിന്റെയോ നൈലോണിന്റെയോ വസ്ത്രങ്ങള്‍ക്ക് പകരം അയഞ്ഞ പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക, പ്രായമായവരെയും കുട്ടികളെയും പ്രത്യേകം ശ്രദ്ധിക്കുക.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp