യുക്രൈനെതിരായ റഷ്യൻ അധിനിവേശത്തിൻ്റെ പശ്ചാത്തലത്തിൽ റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിനെതിരെ അറസ്റ്റ് വാറൻ്റ്. ഇൻ്റർനാഷണൽ ക്രിമിനൽ കോടതിയാണ് വാറൻ്റ് പുറപ്പെടുവിച്ചിരിക്കുന്നത്. പുടിനോ റഷ്യൻ ഫെഡറേഷനിലെ ചിൽഡ്രൻസ് റൈറ്റ്സ് കമ്മീഷൻ പ്രസിഡൻ്റ് മരിയ ബിലോവയോ അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ പരിധിയിൽ പെടുന്ന 123 രാജ്യങ്ങളിൽ എവിടെയെങ്കിലും കാലുകുത്തിയാൽ അറസ്റ്റ് ചെയ്യപ്പെടാൻ സാധ്യതയുണ്ട്.
വാറൻ്റ് പുറപ്പെടുവിച്ചെങ്കിലും കോടതിയ്ക്ക് സ്വന്തമായി പൊലീസ് ഫോഴ്സ് ഇല്ലാത്തതിനാൽ അതാത് രാജ്യങ്ങൾ എടുക്കുന്ന തീരുമാനങ്ങൾക്കനുസരിച്ചേ അറസ്റ്റുണ്ടാവാനിടയുള്ളൂ. ഇതേ വാറൻ്റുണ്ടായിരുന്ന മുൻ സുഡാൻ പ്രസിഡൻ്റ് ഒമർ അൽ ബഷീർ അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ പരിധിയിൽ പെടുന്ന ദക്ഷിണാഫ്രിക്കയും ജോർദാനും അടക്കം സന്ദർശിച്ചിരുന്നെങ്കിലും അറസ്റ്റുണ്ടായില്ല. 2019ൽ പ്രസിഡൻ്റ് പദവിയിൽ നിന്ന് പുറത്താക്കപ്പെട്ടെങ്കിലും ഇനിയും ഒമറിനെ അറസ്റ്റ് ചെയ്തിട്ടില്ല. അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ പരിധിയിൽ പെടാത്ത രാജ്യമാൺ റഷ്യ എന്നതും പുടിന് അനുകൂലമാണ്. അംഗമല്ലെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അധികാര പരിധിയെ യുക്രൈൻ അംഗീകരിക്കുന്നുണ്ട്.
അതേസമയം, മുൻ ലൈബീരിയൻ പ്രസിഡൻ്റ് ചാൾസ് ടെയ്ലറിനെ 2012ൽ യുദ്ധക്കുറ്റം ചുമത്തി കോടതി അറസ്റ്റ് ചെയ്തിട്ടുണ്ട്. മുൻ സൈബീരിയൻ പ്രസിഡൻ്റ് സ്ലോബോദാൻ മിലോസെവിച് യുഗോസ്ലാവിലെ കൂട്ടക്കുരുതിയിൽ വിധി കാത്തുകഴിയവെ 2006ലാണ് മരിച്ചത്. മുൻ ബോസ്നിയൻ സെർബ് പ്രസിഡൻ്റ് റഡോവാൻ കരാസികിനെ 2008ൽ കോടതി അറസ്റ്റ് ചെയ്തു.