പ്രതിമാസം ആയിരം രൂപ നിക്ഷേപിക്കാനുണ്ടോ? മാര്‍ച്ച് 31ന് മുന്‍പ് ഈ പെന്‍ഷന്‍ പദ്ധതിയില്‍ ചേരാം

ജീവിതത്തില്‍ പാലിക്കേണ്ട നല്ല ശീലങ്ങൡ ഒന്നായി സമ്പാദ്യത്തിനെ പലരും വിശേഷിപ്പിക്കാറുണ്ട്. പക്ഷേ എവിടെ സമ്പാദിക്കണം എങ്ങനെ സമ്പാദിക്കണം എത്ര നിക്ഷേപിക്കണം എത്ര തിരിച്ചുകിട്ടും ഇങ്ങനെ പലര്‍ക്കും സംശയങ്ങള്‍ നിരവധിയാണ്. മാസം ആയിരം രൂപ മുതല്‍ അടച്ച് പ്രതിമാസം നല്ലൊരു തുക പോക്കറ്റിലേക്കെത്തുന്ന സമ്പാദ്യപദ്ധതിയാണ് പ്രധാനമന്ത്രി വയ വന്ദന യോജന (PMVVY).
എല്‍ഐസി വഴിയാണ് ഈ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയില്‍ നിക്ഷേപിക്കേണ്ടത്. 60 വയസും അതിന് മുകളിലുമുള്ളവര്‍ക്കാണ് പ്രധാനമന്ത്രി വയ വന്ദന യോജനയില്‍ അംഗമാകാന്‍ കഴിയുക. പ്രായമായ വ്യക്തികള്‍ക്ക് സാമ്പത്തിക സ്ഥിരത നല്‍കാനും വിരമിക്കലിന് ശേഷം അവരുടെ ചെലവുകള്‍ക്ക് സഹായിക്കുകയും ചെയ്യുന്ന പദ്ധതിയാണിത്.

2023 മാര്‍ച്ച് 31 വരെയാണ് പദ്ധതിയില്‍ ചേരാനുള്ള അവസാന തീയതി. 2017ലാണ് കേന്ദ്രസര്‍ക്കാര്‍ പ്രധാനമന്ത്രി വയ വന്ദന യോജന പെന്‍ഷന്‍ പദ്ധതി ആരംഭിച്ചത്.

പോളിസി ഹോള്‍ഡര്‍ക്കോ പങ്കാളിക്കോ അസുഖമോ മറ്റ് അസാധാരണ സാഹചര്യമോ ഉണ്ടെങ്കില്‍ അകാലത്തില്‍ തന്നെ തുക പിന്‍വലിക്കാന്‍ കഴിയും. മൂന്ന് പോളിസി വര്‍ഷങ്ങള്‍ക്ക് ഇന്‍ഷുറന്‍സിന് കീഴില്‍ ഒരു ലോണും ഈ പദ്ധതി വാഗ്ദാനം ചെയ്യുന്നു. പദ്ധതിയില്‍ ചേരാനുള്ള കുറഞ്ഞ പ്രായം 60 വയസാണ്. പരമാവധി പ്രായപരിധിയില്ല. പത്ത് വര്‍ഷമാണ് പോളിസി കാലാവധി.

പ്രതിമാസം ആയിരം രൂപയാണ് കുറഞ്ഞ പെന്‍ഷന്‍ തുക. ഒരു പാദത്തിന് 3000 രൂപ, അര്‍ദ്ധവര്‍ഷത്തില്‍ 6000 രൂപ, പ്രതിവര്‍ഷം 12000 രൂപ എന്നിങ്ങനെയാണ് നിരക്ക്. 9,250 രൂപയാണ് പ്രതിമാസം പരമാവധി പെന്‍ഷന്‍ തുക. ഒരു പാദത്തിന് 27,750, അര്‍ദ്ധ വര്‍ഷം 55,500, പ്രതിവര്‍ഷം 1,11,000 എന്നിങ്ങനെയാണ് നിരക്ക്.

എത്ര തുക പെന്‍ഷനായി കയ്യില്‍ കിട്ടണം എന്നതനുസരിച്ചാണ് നിക്ഷേപം നടത്തേണ്ടത്. ഒന്നര ലക്ഷത്തിന് പ്രതിമാസം 1000 രൂപയാണ് പെന്‍ഷന്‍ ലഭിക്കുക. ഏഴര ലക്ഷം നിക്ഷേപിക്കുകയാണെങ്കില്‍ പ്രതിമാസം അയ്യായിരം രൂപ പെന്‍ഷന്‍ ഇനത്തില്‍ ലഭിക്കും. 7.40 % വാര്‍ഷിക നിരക്കിലാണ് പെന്‍ഷന്‍ ലഭിക്കുന്നത്. ഈ നിരക്ക് വര്‍ഷം തോറും മാറിക്കൊണ്ടിരിക്കും.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp