ശരീര സൗന്ദര്യം വർധിപ്പിക്കാൻ ജിമ്മുകളിൽ ഉപയോഗിക്കുന്നത് നിരോധിത മരുന്നുകൾ 

ശരീര സൗന്ദര്യം വർധിപ്പിക്കാൻ ജിമ്മുകളിൽ നിരോധിത മരുന്നുകൾ ഉപയോഗിക്കുന്നതായി കണ്ടെത്തൽ. ബ്രസ്റ്റ് ക്യാൻസറിന് ഉപയോഗിക്കുന്നതും, മൃഗങ്ങളിൽ കുത്തിവെക്കുന്നതുമായ മരുന്നുകളാണ് ഉപയോഗിക്കുന്നവയിൽ മിക്കതും. ഓൺലൈൻ വഴിയാണ് ട്രെയിനർമാർ ഇത്തരം മരുന്നുകൾ എത്തിക്കുന്നത്.

ട്രാമോസിഫൻ – ഒറ്റ വാചകത്തിൽ പറഞ്ഞാൽ ബ്രസ്റ്റ് ക്യാൻസറിന് ഉപയോഗിക്കുന്ന മരുന്ന്. ട്രോബിൻ – ഹാർട്ട് അറ്റാക്ക് വന്ന് നെഞ്ചിടിപ്പ് കുറയുമ്പോൾ ഉപയോഗിക്കുന്ന മരുന്ന്. ബോൾഡ് നോൺ നിരോധിത മരുന്നാണ്. കൂടാതെ മത്സര കുതിരകളിൽ നിയമവിരുദ്ധമായി കുത്തിവെക്കുന്ന മരുന്ന് കൂടിയാണ് ഇത്. ഇങ്ങനെ നീളുന്നു ശരീര സൗന്ദര്യ മത്സരങ്ങളിൽ പങ്കെടുക്കാനായി തയ്യാറെടുക്കുന്ന യുവാക്കൾക്ക് നൽകുന്ന സിറിഞ്ചുകളുടെയും, മരുന്നുകളുടെയും നീണ്ട നിര. മലപ്പുറം ചങ്ങരംകുളം സ്വദേശി സന്തോഷ് ഈ മരുന്നുകളുടെ ഇരയാണ്.

‘ആദ്യം മൂന്ന് നാല് മെഡിസനുകൾ തന്നു. ഇത് വച്ച് തുടങ്ങാമെന്നാണ് പറഞ്ഞത്. പ്രശ്‌നമുണ്ടോ എന്ന് ചോദിച്ചപ്പോൾ മദ്യപിക്കുന്നതിന്റേയും സിഗരറ്റ് വലിക്കുന്നതിന്റേയും അത്ര പ്രശ്‌നമില്ലെന്നാണ് പറഞ്ഞത്’- സന്തോഷ് പറഞ്ഞു.

10 വർഷമായി പ്രദേശിക ജീം ട്രെയിനറായും അല്ലാതെയും പ്രവർത്തിക്കുന്ന സന്തോഷ് 8 മാസം മുമ്പാണ് തിരൂർ കേന്ദ്രീകരിച്ചുള്ള ഫിറ്റ്‌നസ്സ് സെന്ററിൽ എത്തിയത്. 8 മാസം കൊണ്ട് 80,000 രൂപയുടെ മരുന്ന് ഫിറ്റ്‌നസ്സ് ട്രെയിനറുടെ നിർദേശപ്രകാരം ഉപയോഗിച്ചു.ഇതിനിടയിൽ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടപ്പോഴാണ് സന്തോഷ് ഡോക്ടറെ സമീപിച്ചത്.തുടർന്നാണ് ചതി തിരിച്ചറിഞ്ഞത്. അലർജി, ശ്വാസം മുട്ട് എന്നിങ്ങനെ നിരവധി പ്രശ്‌നങ്ങളാണ് നേരിട്ടതെന്ന് സന്തോഷ് പറയുന്നു.

ഡോക്ടറുടെ കുറുപ്പടി ഉണ്ടെങ്കിൽ പ്രത്യേക സാഹചര്യം ഉള്ളവർക്ക് മാത്രമാണ് ഈ മരുന്നുകൾ എഴുതുകയും, ലഭിക്കുകയും ചെയ്യുകയുള്ളൂ. ഇത് ഒന്നും അറിയാതെയാണ് യുവാക്കൾ മരണം വരെ സംഭവിക്കാവുന്ന ഇത്തരം മരുന്നുകൾ കുത്തിവെച്ച് ശരീര സൗന്ദര്യം വർധിപ്പിക്കാൻ ശ്രമിക്കുന്നത്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp