മലയാളസാഹിത്യത്തിലെ ആധുനികതയ്ക്ക് അടിത്തറ പാകിയ എഴുത്തുകാരൻ; ഇന്ന് ഒ വി വിജയന്റെ ഓർമദിനം

ഖസാക്കിന്റെ ഇതിഹാസകാരൻ ഒവി വിജയന്റെ ഓർമദിനമാണിന്ന്. മലയാളസാഹിത്യത്തിലെ ആധുനികതയ്ക്ക് അടിത്തറ പാകിയ എഴുത്തുകാരനും കാർട്ടൂണിസ്റ്റും ചെറുകഥാകൃത്തും നോവലിസ്റ്റും പത്രപ്രവർത്തകനുമായിരുന്നു ഒ വി വിജയൻ.

കാലത്തിന് മായ്ക്കാൻ കഴിയാത്ത കഥയും കഥാപാത്രങ്ങളും മലയാളിക്ക് സമ്മാനിച്ച എഴുത്തുകാരനാണ് ഒ വി വിജയൻ. എഴുത്തും വരയും ഒരുപോലെ വഴങ്ങിയ ആ കൈകളിൽ നിന്ന് പിറന്നുവീണതൊക്കെയും അവർ ഹൃദയത്തോട് ചേർത്തു. വ്യത്യസ്തമായിരുന്നു ഓരോ രചനയും. മലയാളി അതുവരെ പരിചയിച്ച എഴുത്തുശൈലിയെ, സാഹിത്യസങ്കൽപ്പങ്ങളെയെല്ലാം ചോദ്യം ചെയ്തുകൊണ്ടാണ് ഖസാക്കിലെ രവിയും അള്ളാപ്പിച്ച മൊല്ലാക്കയും നൈസാമലിയും മൈമൂനയും എത്തിയത്.

സോവിയറ്റ് യൂണിയന്റെ തകർച്ചയും അടിയന്തരാവസ്ഥയും മുതൽ വർത്തമാനകാല രാഷ്ട്രീയ, അധികാര , ഭരണകൂട ചലനങ്ങളെ, ധർമ്മപുരാണം എന്ന കൃതി വിചാരണ ചെയ്യുന്നു. ധർമ്മപുരാണത്തിന്റെ ഭാഷ തിളയ്ക്കുന്ന ക്ഷോഭത്തിന്റേതാണെങ്കിൽ ഗുരുസാഗരത്തിന്റെ ഭാഷ ശാന്തതയുടേതാണ്.

ഒ വി വിജയന്റെ എഴുത്തുകളുടെയും വരയുടെയും ലോകം വിശാലമായിരുന്നു. തനിക്കെതിരെ ഉയർന്ന വിമർശനങ്ങളെപ്പോലും സ്നേഹത്തോടെയും സൗമ്യതയോടെയും നേരിട്ട കഥാകാരനായിരുന്നു അദ്ദേഹം.

ചില്ലുവാതിലുകൾ കടന്ന്, സ്വപ്നത്തിലൂടെ, സാന്ധ്യപ്രജ്ഞയിലൂടെ, തന്നെ കൈനീട്ടി വിളിച്ച പൊരുളിന്റെ നേർക്ക് അയാൾ യാത്രയായി. ആ വരികളോരോന്നും മലയാളിയെ വിടാതെ പിൻതുടരുന്നു. വായനാലോകത്ത് ഇനിയും എത്ര കഥാപാത്രങ്ങൾ കടന്നുവന്നാലും കടൽതീരത്തിലെ വെള്ളായിയപ്പനേയും ഖസാക്കിലെ രവിയേയും ഗുരുസാഗരത്തിലെ കുഞ്ഞുണ്ണിനായരേയും അവർക്ക് ഒരിക്കലും മറക്കാൻ കഴിയില്ല.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp