ജോലി പരസ്യത്തിൽ ക്ലിക് ചെയ്തു; നഷ്ടപ്പെട്ടത് 8.6 ലക്ഷം രൂപ!

ജോലി വാഗ്ദാനം ചെയ്ത് നിരവധി തട്ടിപ്പുകൾ ഓൺലൈനിൽ നടക്കാറുണ്ട്. ഇതുവഴി പണം തട്ടുന്നതും സ്ഥിരം കാഴ്ച്ചയാണ്. വ്യാജ ജോലി വാഗ്ദാനം ചെയ്യുന്ന പോസ്റ്റുകൾ നിരവധി സമൂഹ മാധ്യമങ്ങളിൽ കാണാം. ഒപ്പം തന്നെ തൊഴിലിടങ്ങളിൽ പിരിച്ചുവിടലുകളും തുടങ്ങിയതോടെ ജോലി അന്വേഷിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചിരിക്കുകയാണ്. ഇൻസ്റ്റഗ്രാമിലെ ജോലി പരസ്യത്തിൽ ക്ലിക്ക് ചെയ്ത ഡൽഹി സ്വദേശിയായ യുവതിക്ക് 8.6 ലക്ഷം രൂപയാണ് നഷ്ടപ്പെട്ടത്.

പരസ്യത്തിൽ ക്ലിക്ക് ചെയ്തതോടെ ‘എയർലൈൻജോബ്ഓൾഇന്ത്യ’ എന്ന ‌ഐഡിയിൽ നിന്ന് ബന്ധപ്പെടുകയും വിവരങ്ങൾ നൽകാൻ നിർദ്ദേശിക്കുകയും ചെയ്തു. അവർ ആവശ്യപ്പെട്ട ഫോർമാറ്റിൽ തന്നെ വിശദാംശങ്ങൾ പൂരിപ്പിക്കുകയും ചെയ്തു. വിവരങ്ങൾ രജിസ്റ്റർ ചെയ്ത ശേഷം രാഹുൽ എന്നയാളിൽ നിന്ന് ഫോൺ വരികയും തട്ടിപ്പുകാരൻ യുവതിയോട് ആദ്യം റജിസ്ട്രേഷൻ ഫീസായി 750 രൂപ അടയ്ക്കാൻ ആവശ്യപ്പെടും ചെയ്തു.

ശേഷം ഗേറ്റ്പാസ് ഫീസ്, ഇൻഷുറൻസ്, സെക്യൂരിറ്റി പണം എന്നിങ്ങനെ 8.6 ലക്ഷത്തിലധികം രൂപ യുവതിയിൽ നിന്ന് തട്ടിയെടുത്തു. രാഹുൽ എന്ന പേരിൽ ഫോൺ ചെയ്തയാൾ കൂടുതൽ പണം ആവശ്യപ്പെട്ടതോടെയാണ് യുവതിക്ക് സംശയം തോന്നിയത്. തുടർന്ന് പൊലീസില്‍ പരാതി നൽകുകയായിരുന്നു. ഫോൺ നമ്പർ ഉപയോഗിച്ച് ലൊക്കേഷൻ കണ്ടെത്തിയാണ് പ്രതിയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതി ഹരിയാനയിലെ ഹിസാറിൽ നിന്നാണ് കൂടുതൽ പണം തട്ടിയെടുത്തതെന്നും കണ്ടെത്തി.

രണ്ട് വർഷം മുൻപ് കൊവിഡ് സമയത്ത് ജോലി നഷ്ടപ്പെട്ടതിനു ശേഷം തുടങ്ങിയതാണ് ഈ തട്ടിപ്പെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. സമൂഹ മാധ്യമങ്ങൾ വഴി വരുന്ന ഇത്തരം വ്യാജ പരസ്യങ്ങളിൽ ക്ലിക്ക് ചെയ്യരുതെന്നും അംഗീകൃത ജോബ് വെബ്സൈറ്റുകളിൽ മാത്രം സന്ദര്‍ശിച്ച് തൊഴിലിന് അപേക്ഷിക്കാനും പൊലീസ് പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp