കൊച്ചി പള്ളുരുത്തിയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. അനിൽകുമാർ (32) ആണ് കൊല്ലപ്പെട്ടത്. മാമോദീസ നടന്ന വീട്ടിലുണ്ടായ അടിപിടിയുടെ തുടർച്ചയായാണ് കൊലപാതകം നടന്നതെന്നാണ് സൂചന. പ്രതികളിൽ ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തെപ്പറ്റി കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്. മരിച്ച അനിൽകുമാർ ഇന്നലെ രാത്രി മാമോദീസ നടന്ന വീട്ടിൽ പോയിരുന്നു. അവിടെവെച്ച് കുറച്ച് ആളുകളുമായി വാക്ക് തർക്കവും സംഘർഷവുമുണ്ടായിരുന്നു. അനിൽകുമാർ അവിടെ നിന്ന് തിരികെ പോയതിന് ശേഷം പിന്നാലെയെത്തിയ സംഘം ഇദ്ദേഹത്തെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല. സംഭവത്തെപ്പറ്റി കൂടുതൽ അന്വേഷണം നടത്തുകയാണെന്നാണ് പൊലീസ് പറയുന്നത്.